പി.പി. സുനീർ രാഹുൽ ഗാന്ധി
വയനാട്ടിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയോട് ഏറ്റുമുട്ടി തോൽവിയേറ്റ് വാങ്ങിയ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീറിന് ഒരു ‘നേട്ടം’ അവകാശപ്പെടാനുണ്ട്. മൂന്ന് തവണ ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴും സുനീറിന് എതിരാളികളായത് ദേശീയ നേതാക്കൾ. 1999ലും 2004ലും അദ്ദേഹം പരാജയപ്പെട്ടത് ചില്ലറക്കാരോടല്ല. മുസ്ലിംലീഗ് മുൻ ദേശീയ അധ്യക്ഷൻ ജി.എം. ബനാത്ത് വാലയായിരുന്നു 1999ൽ പൊന്നാനിയിൽ എതിരാളി.
2004ലും എൽ.ഡി.എഫ് പൊന്നാനിയിൽ സുനീറിനെ ഇറക്കിയപ്പോൾ എതിരാളിയായി ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഇ. അഹമ്മദ് വന്നു. കഴിഞ്ഞ തവണ സുനീർ വയനാട്ടിൽ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയതിനിടെയാണ് അപ്രതീക്ഷിത എതിരാളിയായി രാഹുൽ ഗാന്ധിയുടെ വരവ്. ‘രാഹുൽ ഇഫക്ട്’ കേരളമാകെ വീശിയടിച്ചപ്പോൾ വയനാടിൽ സുനീറിന്റെ തോൽവി 4.31 ലക്ഷം വോട്ടിന്.
ബനാത്ത് വാല
നിരന്തരം തോൽവിയേറ്റ് വാങ്ങുന്ന പൊന്നാനി മണ്ഡലം 2009ൽ സി.പി.എമ്മിന് നൽകിയാണ് സി.പി.ഐ വയനാട്ടിലേക്ക് ചുവടുമാറ്റിയത്.
വയനാട്ടിൽ ആദ്യം മത്സരിക്കാനെത്തിയത് സി.പി.ഐ മുൻ ദേശീയ കൗൺസിൽ അംഗം എം. റഹ്മത്തുല്ലയാണ്. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസ് ജയിച്ചത് ഒന്നര ലക്ഷത്തിലധികം വോട്ടുകൾക്കാണ്. അന്ന് ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച് എൻ.സി.പിക്കായി കെ. മുരളീധരനും ഗോദയിലുണ്ടായിരുന്നു.
മുരളീധരൻ സ്വന്തമായി പിടിച്ചത് ഒരു ലക്ഷത്തോളം വോട്ട്. 2014ൽ എം.ഐ. ഷാനവാസിന്റെ രണ്ടാമൂഴത്തിൽ നാദാപുരം മുൻ എം.എൽ.എ സത്യൻ മൊകേരിയെ ഇറക്കി സി.പി.ഐ മത്സരം കടുപ്പിച്ചു.
ഷാനവാസിന്റെ ഭൂരിപക്ഷം 20,000ൽ പരം വോട്ടുകളിലേക്ക് താഴ്ത്താൻ മൊകേരിക്കായി. 2019ൽ രാഹുൽ തരംഗത്തിൽ മണ്ഡലത്തിലെ ഇടതുവോട്ടുകൾ കുത്തിയൊലിച്ചുപോയപ്പോൾ എൽ.ഡി.എഫിന്റെ വോട്ടിങ് ശതമാനം 25 ശതമാനത്തിലേക്ക് താഴ്ന്നു.
ഇക്കുറി ദേശീയ നേതാവ് ആനി രാജയെ ഇറക്കി വയനാട്ടിൽ കടുംപോരിനൊരുങ്ങുകയാണ് സി.പി.ഐ.
മലപ്പുറം: പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ മലപ്പുറം മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ പുൽപ്പറ്റ പഞ്ചായത്തിലെ തൃപ്പനച്ചി ഉസ്താദിന്റെ ഖബറിടത്തിൽ പ്രാർഥന നടത്തി.
മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ വോട്ടഭ്യർഥിച്ച് മലപ്പുറം ഗവ. കോളജിൽ എത്തിയപ്പോൾ
തൃപ്പനച്ചി ഉസ്താദ് മെമ്മോറിയൽ ഇസ്ലാമിക് കോളജ്, തൃപ്പനച്ചി അൽഫാറൂഖ് കോളജ്, പുക്കൊളത്തൂർ പ്രിസ്റ്റൻവാലി കോളജ്, പൂക്കോട്ടൂർ അത്താണിക്കൽ എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളജ്, എം.ഐ.സി സ്കൂൾ, മലപ്പുറം ഗവ. കോളജ്, പ്രിയദർശിനി കോളജ്, ഗവ. വനിത കോളജ്, കാളമ്പാടി കോട്ടുമല കോംപ്ലക്സ് എന്നിവിടങ്ങളിൽ ഉച്ചവരെ പര്യടനം പൂർത്തീകരിച്ചു.
വൈകുന്നേരം മച്ചിങ്ങൽ എം.എസ്.എം കൺവെൻഷൻ സെന്ററിൽ നടന്ന മലപ്പുറം അസംബ്ലി മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തു. പുൽപ്പറ്റ വിസപ്പടിയിൽ ആരംഭിച്ച റോഡ് ഷോ വടക്കെമണ്ണ ചട്ടിപ്പറമ്പ് വഴി വലിയാട് സമാപിച്ചു.
വളാഞ്ചേരി: കോട്ടക്കലിലും കാടാമ്പുഴയിലും ജനഹൃദയങ്ങൾ തൊട്ടറിഞ്ഞ് കെ.എസ്. ഹംസ. പൊന്നാനി ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ഹംസ ബുധനാഴ്ച കോട്ടക്കല്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി. രാവിലെ കോട്ടൂരിൽനിന്നായിരുന്നു തുടക്കം. തുടർന്ന് പൊന്മള, മാറാക്കര, എടയൂര്‍, ഇരിമ്പിളിയം, വളാഞ്ചേരി, കുറ്റിപ്പുറം എന്നീ പ്രദേശങ്ങളിൽ പര്യടനം നടത്തി.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ഹംസയുടെ റോഡ് ഷോ
മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ നേതൃത്വത്തിൽ കാടാമ്പുഴ ക്ഷേത്രപരിസരത്ത് സ്വീകരണം നൽകി. വൈകീട്ട് കുറ്റിപ്പുറത്ത് റോഡ് ഷോ ആരംഭിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വളാഞ്ചേരി, വലിയകുന്ന്, പൂക്കാട്ടിരി, തിണ്ടലം, കാടാമ്പുഴ, മരവട്ടം, ഒളകരപ്പടി, ഇന്ത്യനൂര്‍, ചാപ്പനങ്ങാടി, പറങ്കിമൂച്ചിക്കല്‍ വഴി കോട്ടക്കലിൽ സമാപിച്ചു. വഴിയരികിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സ്ഥാനാർഥിയെ കാണാനെത്തി.
മലപ്പുറം: മണ്ഡലം ഇടതുപക്ഷ ലോക്സഭ സ്ഥാനാർഥി മഞ്ചേരി, മലപ്പുറം മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. ബുധനാഴ്ച രാവിലെ മഞ്ചേരി മണ്ഡലത്തിലായിരുന്നു സ്ഥാനാർഥി പര്യടനം. മഞ്ചേരി നഗരസഭയിലെ പ്രഭാത നടത്തത്തോടെയാണ് വസീഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
വിവിധ സ്ഥാപനങ്ങളിലും മഞ്ചേരി ടൗണിലെ തൊഴിലാളികളെയും സ്ഥാനാർഥി സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. തുടർന്ന് നെന്മിനി, കീഴാറ്റൂർ, പാണ്ടിക്കാട് പഞ്ചായത്തുകളിലും പ്രചാരണം പൂർത്തിയാക്കി. തുടർന്ന് മലപ്പുറം നഗരത്തിൽ പ്രചാരണം നടത്തി. വൈകീട്ട് 5.30 ഓടെ കോട്ടപ്പടി ബസ് സ്റ്റാൻഡ് പരിസരത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു. കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനം 201 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. പി. ശ്രീരാമകൃഷ്ണൻ, പാലോളി മുഹമ്മദ് കുട്ടി, എം. സ്വരാജ്, സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി വി.ആർ. വത്സൻ, ആർ.ജെ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, ജെ.പി.എസ് ജില്ല പ്രസിഡന്റ് സഫറുല്ല, രാമനാഥൻ, കേരള കോൺഗ്രസ് (ബി) ജില്ല പ്രസിഡന്റ് കെ.പി. പീറ്റർ, കേരള കോൺഗ്രസ് (സ്കറിയാ തോമസ്) സംസ്ഥാന സെക്രട്ടറി നൈസ് മാത്യു, ഐ.എൻ.എൽ ജില്ല പ്രസിഡന്റ് സമദ് തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.