കൊച്ചി: കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ബിനാമി കമ്പനി രൂപവത്കരിച്ച് ഇടപാടുകൾ നടത്തിയെന്ന പരാതിയിൽ രണ്ടുമാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ‘കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ബിനാമി കമ്പനി തുടങ്ങി കണ്ണൂർ ജില്ല പഞ്ചായത്തിന്റെ കരാർ ജോലികൾ ഈ കമ്പനിക്ക് നൽകി നേട്ടം ഉണ്ടാക്കിയെന്നാരോപിച്ച് വിജിലൻസിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയെ ഹരജിയിൽ കക്ഷി ചേർത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ തട്ടിക്കൂട്ടിയ ബിനാമി കമ്പനിക്ക് സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് (സിൽക്), നിർമിതികേന്ദ്ര എന്നീ സ്ഥാപനങ്ങൾക്ക് അനുവദിച്ച വിവിധ പദ്ധതികൾ കരാർപോലുമില്ലാതെ കൈമാറിയതായി ഹരജിയിൽ ആരോപിച്ചിരുന്നു. സ്ത്രീകൾക്ക് താമസ സൗകര്യമൊരുക്കാനുള്ള പദ്ധതിക്കായി 49 സെന്റ് സ്ഥലം വാങ്ങിയതും ദിവ്യയുടെ സ്വാധീനത്തെത്തുടർന്നാണ്. ഇതിലും അഴിമതിയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 21ന് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. പരാതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെന്നും മറുപടിക്ക് കാത്തിരിക്കുകയാണെന്നുമായിരുന്നു വിജിലൻസിന്റെ വിശദീകരണം. നേരത്തേ സർക്കാറിന്റെ മറുപടി സമർപ്പിക്കാൻ വിജിലൻസിന് കോടതി സമയം അനുവദിച്ചിരുന്നു.
വ്യാഴാഴ്ച കേസ് പരിഗണിക്കവേ ജൂലൈ എട്ടിനാണ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി കൈമാറിയതെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി വിജിലൻസിന്റെ അഭിഭാഷക വ്യക്തമാക്കി. തുടർന്നാണ് രണ്ടുമാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.