തിരുവനന്തപുരം: ഒന്നരവയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയെയും ആൺ സുഹൃത്തിനെയും നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകക്കു താമസിക്കുന്ന അഖിലയുടെ മകൻ അർഷാദ് ആണ് കൊല്ലപ്പെട്ടത്. അഖിലയുടെ ആൺ സുഹൃത്ത് അഷ്കർ ആണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന വ്യാജേന വെള്ളിയാഴ്ച ഉച്ചക്ക് അഷ്കർ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവശനായിരുന്ന കുഞ്ഞ് അല്പസമയം കഴിഞ്ഞപ്പോൾ മരിച്ചു.ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ദേഹമാസകലം മുറിവുകൾ കണ്ടെത്തി. തലയുടെ പിൻഭാഗത്ത് ശക്തമായി ക്ഷതമേറ്റ പാടും ഉണ്ടായിരുന്നു.കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു.
കുഞ്ഞിന്റെ അമ്മ അഖില ഏതാനും നാളുകളായി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലായിരുന്നു. ഈ സമയം കുഞ്ഞും അഷ്കറും മാത്രമാണ് പനവൂരിലെ വാടക വീട്ടിലുണ്ടായിരുന്നത്. ഈ സമയങ്ങളിലൊക്കെ അഷ്കർ കുഞ്ഞിനെ നിരന്തരം ശാരീരിക പീഡനത്തിന് വിധേയമാക്കിയിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മുറിവുകളും ചതവുകളും ഒടിവുകളും നിരന്തരം സംഭവിച്ചുകൊണ്ടിരുന്നു. അതെല്ലാം ഉരുണ്ടുവീണും തീയിൽ കളിച്ചുമൊക്കെ സംഭവിക്കുന്നതാണ് എന്നാണ് അഷ്കർ അഖിലയോടും കുഞ്ഞിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.
വെള്ളിയാഴ്ച മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പൊലീസിനെ സമീപിച്ചു. അഷ്കറിനെയും അഖിലയേയും നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. വെള്ളിയാഴ്ച ഉച്ചക്ക് കരഞ്ഞ് നിർബന്ധം പിടിച്ച കുഞ്ഞിന്റെ തലക്കു പിന്നിൽ അഷ്കർ ശക്തിയായി അടിക്കുകയും അടിയുടെ ആഘാതത്തിൽ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. കുഴഞ്ഞുവീണ കുഞ്ഞിനെ എടുത്ത് കട്ടിലിൽ കിടത്തി. ഇതിനിടയിൽ കുഞ്ഞ് ഛർദ്ദിക്കുകയും ചെയ്തു. ഛർദ്ദിക്കുന്നതിന്റെ ശബ്ദം കേട്ട് പരിസരവാസികളിൽ ചിലർ വീട്ടിലെത്തി. ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ അവരോട് പറഞ്ഞത്. അവരുടെ നിർബന്ധപ്രകാരമാണ് ആംബുലൻസ് വിളിച്ച് അഷ്കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
കുഞ്ഞിനെ ഉയരത്തിൽ നിന്നും തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും അഷ്കർ പൊലീസിനോട് സമ്മതിച്ചു. വെങ്കിട്ടക്കാല സ്വദേശിനിയാണ് അഖില. പാലോട് സ്വദേശി അഖിലാണ് അഖിലയുടെ ആദ്യ ഭർത്താവ്. ഒരുവർഷം മുമ്പ് അഖിൽ ആത്മഹത്യ ചെയ്തു. ശേഷമാണ് അഷ്കറെ കൂടെ കൂട്ടിയത്. നർത്തകിയായ അഖില ഏതാനും ആഴ്ചകൾക്കു മുമ്പാണ് തമിഴ്നാട്ടിൽ പോയത്. ഇതിനുശേഷം അഷ്കർ കുഞ്ഞിനെ നിരന്തരമായ പീഡനത്തിന് വിധേയമാക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പിതാവ് ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.