കൊച്ചി: ചെറിയ പൊതുപ്രദേശത്തായാലും ‘ആൾക്കൂട്ടാധിപത്യം’ (മോബോക്രസി) അനുവദിക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെയും നിയമവാഴ്ചയുടെയും അവസാനത്തിന്റെ തുടക്കമാകുമെന്ന് ഹൈകോടതി. ഇത്തരം ആൾക്കൂട്ടാധിപത്യത്തെയും അവരുടെ അതിക്രമങ്ങളെയും ഇരുമ്പുമുഷ്ടി ഉപയോഗിച്ച് പൊലീസ് കൈകാര്യം ചെയ്യണം. രാജ്യത്തിന്‍റെ ഭരണഘടനയെ മാനിക്കുകയും നിയമവാഴ്ച പാലിക്കുകയും വേണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. കിഴക്കമ്പലം ബസ് സ്റ്റാൻഡിന്‍റെ നവീകരണ ജോലികൾക്ക് പൊലീസ് സംരക്ഷണം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
നിർമാണം അവസാനഘട്ടത്തിലെത്തിയിരിക്കെ ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനം തടഞ്ഞ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മാറ്റി ബസുകൾ കടത്തിവിടുകയും സ്വന്തമായി മറ്റൊരു ബസ് ഷെൽട്ടറുണ്ടാക്കി ഗതാഗതം നിയന്ത്രിക്കുകയും ചെയ്ത മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള ആൾക്കൂട്ടത്തിന്‍റെ നടപടിയെത്തുടർന്നാണ് പണി പൂർത്തിയാക്കാൻ പൊലീസ് സംരക്ഷണംതേടി പ്രസിഡന്‍റ് കോടതിയെ സമീപിച്ചത്.
നിർമാണപ്രവർത്തനത്തിനിടെ ജനങ്ങളുടെ ജീവന് അപകടമുണ്ടാകാതിരിക്കാനും ജോലി തടസ്സപ്പെടാതിരിക്കാനുമാണ് സ്റ്റാൻഡിലേക്ക് പ്രവേശനം തടഞ്ഞത്. ഇതിനിടെയാണ് ജൂലൈ നാലിന് മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ അക്രമപരിപാടികൾ നടന്നത്. തോന്നുന്നിടത്തേക്ക് സൈൻ ബോർഡുകൾ മാറ്റിസ്ഥാപിച്ച് ഗതാഗതനിയന്ത്രണം ഏറ്റെടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഹരജിയിൽ ആരോപിച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെ ജനാധിപത്യ ഭരണത്തെ അട്ടിമറിക്കാൻ ചിലർ നടത്തിയ ശ്രമങ്ങളാണ് ഹരജിയിൽ വെളിപ്പെടുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ ബലപ്രയോഗത്തിലൂടെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. തദ്ദേശസ്ഥാപനത്തിന്റെ അധികാരം മാത്രമല്ല, മോട്ടോർ വാഹന വകുപ്പിന്റെ അധികാര പരിധിയിലുള്ള ഗതാഗത നിയന്ത്രണംപോലും അവർ ഏറ്റെടുത്തു. ഒരുപഞ്ചായത്തിന്റെ ഭരണം മോബോക്രസിയിലൂടെ ഏറ്റെടുക്കാൻ ശ്രമിക്കുന്നവർ നാളെ സംസ്ഥാന, കേന്ദ്ര ഭരണവും ഇതുപോലെ ഏറ്റെടുക്കാൻ ശ്രമിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.
തുടർന്നാണ് ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാൻ റൂറൽ എസ്.പിക്കും കുന്നത്തുനാട് എസ്.എച്ച്.ഒക്കും കോടതി നിർദേശം നൽകിയത്. ജൂലൈ നാലിനുണ്ടായ ആൾക്കൂട്ട അതിക്രമ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ കേസെടുക്കാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.