കണ്ണൂർ: കല്യാണവീട്ടിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയമിച്ചതിനെതിരെ സേനക്കുള്ളിൽ പ്രതിഷേധം. പാനൂർ പാലക്കൂൽ സ്വദേശിയുടെ മകളുടെ വിവാഹത്തിനാണ് കണ്ണൂർ എ.ആർ ക്യാമ്പിൽനിന്ന് നാല് പൊലീസുകാരെ വി.ഐ.പി ഡ്യൂട്ടിക്കായി അനുവദിച്ചത്. കണ്ണൂർ സിറ്റി പൊലീസ് മേധാവിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഞായറാഴ്ചയായിരുന്നു വിവാഹം. പൊലീസ് സേവനം ആവശ്യപ്പെട്ട് പാലക്കൂൽ സ്വദേശി സിറ്റി പൊലീസിന് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ അനുവദിച്ച് ജില്ല പൊലീസ് മേധാവിക്കായി എ.എസ്.പി പി.പി. സദാനന്ദൻ ഉത്തരവിറക്കിയത്. ഉദ്യോഗസ്ഥന് 1400 രൂപ നിരക്കിൽ ഈടാക്കിയാണ് ചടങ്ങിൽ പൊലീസിനെ അനുവദിച്ചത്.
സ്വകാര്യ ചടങ്ങിന് പൊലീസ് ഉദ്യോഗസ്ഥരെ അനുവദിച്ച വകുപ്പ് നടപടിക്കെതിരെ സേനക്കകത്ത് വൻ പ്രതിഷേധമുണ്ട്. ആഡംബര വേദികളിലെ പ്രദർശന വസ്തുവാക്കി പൊലീസിനെ മാറ്റരുതെന്നാവശ്യപ്പെട്ട് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റു ചെയ്യുകയും ചെയ്തു.
സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സുരക്ഷ ആവശ്യമാണെന്ന് ബോധ്യപ്പെടുന്നപക്ഷം പണം കൊടുത്ത് ഉപയോഗിക്കാനാവുന്ന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് രൂപവത്കരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ഏതെങ്കിലും വ്യക്തിയുടെ മക്കളുടെ ആഡംബര വിവാഹത്തിനോ പേരക്കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിന് ഉപയോഗിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരെന്നും സി.ആർ. ബിജു പറയുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പരാതി നൽകി. അത്യാവശ്യ കാര്യങ്ങൾക്ക് അവധി അപേക്ഷിച്ചാൽ സേനയിൽ ആളില്ലെന്ന മറുപടി ലഭിക്കുമ്പോൾ സ്വകാര്യ ചടങ്ങുകൾക്ക് പൊലീസുകാരെ അനുവദിക്കുന്നതിൽ സേനംഗങ്ങൾക്ക് അമർഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.