മാനന്തവാടി: വയനാട്ടിൽ മാവോവാദികളും പൊലീസും നേർക്കുനേർ ഏറ്റുമുട്ടി. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പേര്യ ഉൾവനത്തിലാണ് സംഭവം. രണ്ടു മാവോവാദികളെ പരിക്കുകളോടെ പൊലീസ് കസ്റ്റഡിയിലുണ്ട്. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
പേര്യ ചപ്പാരം ഭാഗത്തെ വനമേഖലയിൽ തണ്ടർ ബോൾട്ട് സംഘം നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടാകുന്നത്. ചപ്പാരത്ത് കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തണ്ടർബോർട്ട് വളയുകയായിരുന്നു. തുടർന്ന് ആകാശത്തേക്ക് വെടിവെച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തിരിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ദൗത്യസംഘം പറയുന്നത്. അവരുടെ തോക്ക് കേടായതിനെ തുടർന്ന് ആക്രമിക്കാനുള്ള ശ്രമം വിഫലമാകുകയും രണ്ടുപേരെ പിടികൂടുകയുമായിരുന്നു. രണ്ടു സ്ത്രീകൾ രക്ഷപ്പെട്ടു. കബനീദളത്തില്‍പ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് സൂചന. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി.
കോഴിക്കോട് കൊയിലാണ്ടിയിൽനിന്ന് മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് ഒരാളെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ തമ്പിയെന്ന അനീഷ് ബാബുവാണ് പിടിയിലായത്. ഇയാളിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വയനാട്ടിൽ തിരച്ചിൽ നടത്തിയത്.
ഒരു മാസം മുമ്പ് കേരള ഫോറസ്റ്റ് വനം ഡിവിഷനു കീഴിലെ കമ്പമല വനം ഡിവിഷൻ ഓഫിസ് അഞ്ചംഗ മാവോവാദി സംഘം അടിച്ചുതകർത്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
ആറളം വനമേഖലയിൽ വനപാലകരെ കണ്ടതിനെത്തുടർന്ന് മാവോവാദികൾ കഴിഞ്ഞ ദിവസം വനപാലകർക്കുനേരെ വെടിയുതിർത്തിരുന്നു. നിസ്സാര പരിക്കുകളോടെയാണ് അന്ന് വനപാലകർ രക്ഷപ്പെട്ടത്. ഇതിനു പിന്നാലെയാണ് ആറളം, പേര്യ മേഖലയിൽ മാവോവാദികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയതും വെടിവെപ്പുണ്ടായതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.