തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അനുവദിച്ച 352 താൽക്കാലിക ബാച്ചുകൾ തുടരുന്നതിൽ തീരുമാനമെടുക്കാതെ സർക്കാർ. ഫയൽ ഫെബ്രുവരി ആദ്യത്തിൽ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചെങ്കിലും മന്ത്രിസഭ യോഗത്തിൽ ഉൾപ്പെടെ പരിഗണിക്കാതിരുന്നത് അടുത്ത അധ്യയന വർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധിക്കിടയാക്കും.
മേയ് മൂന്നാം വാരം എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചാൽ തൊട്ടുപിന്നാലെ പ്ലസ് വൺ പ്രവേശനത്തിന് വിജ്ഞാപനമിറങ്ങും. കഴിഞ്ഞ വർഷം വരെ ഒന്നാം അലോട്ട്മെന്‍റിൽ ഉൾപ്പെടുത്തുന്ന രീതിയിൽ തന്നെ താൽക്കാലിക ബാച്ചുകൾ തുടരാനും 30 ശതമാനം വരെ ആനുപാതിക സീറ്റ് വർധനക്കും തീരുമാനമെടുത്തിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതോടെ പുതിയ സർക്കാർ വന്ന ശേഷമേ ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ബാച്ചുകൾ നിലനിർത്തുന്നതിലും സീറ്റ് വർധനവിലും തീരുമാനമെടുക്കാനുള്ള ഫയൽ ഡയറക്ടർ നേരത്തെ സമർപ്പിച്ചത്.
തെരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് ലക്ഷ്യമിടുന്ന ഫയലുകളെല്ലാം പ്രത്യേക മന്ത്രിസഭ യോഗത്തിൽ കൊണ്ടുവന്ന് തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്ത സർക്കാർ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഉപരിപഠനത്തിന് വേണ്ട ബാച്ചുകൾ നിലനിർത്തുന്നതിലും സീറ്റ് വർധനവിലും ആ താൽപര്യം കാണിച്ചില്ല. 314 അധിക താൽക്കാലിക ബാച്ചുകളും 38 ഷിഫ്റ്റ് ചെയ്ത ബാച്ചുകളും തുടരാനുള്ള തീരുമാനമാണ് പ്ലസ് വൺ പ്രവേശന വിജ്ഞാപനത്തിന് മുമ്പ് വേണ്ടത്. ഈ 352 ബാച്ചുകളിൽ 235ഉം മലപ്പുറം ജില്ലയിലാണ്. കാസർകോട് 34 ബാച്ചുകളും കോഴിക്കോട് 31 ബാച്ചുകളുമാണുള്ളത്. കണ്ണൂർ 19, പാലക്കാട് 18, വയനാട് ഒമ്പത്, തൃശൂർ അഞ്ച്, കൊല്ലം ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ താൽക്കാലിക ബാച്ചുകൾ.
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ സീറ്റില്ലാതെ താൽക്കാലിക ബാച്ചുകൾ നിലനിൽക്കുമ്പോഴും അടുത്ത അധ്യയന വർഷവും സ്ഥിരം ബാച്ചുകൾ വേണ്ടെന്ന് ജില്ലാതല സമിതികളുടെ റിപ്പോർട്ട്. ആവശ്യകത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈകോടതി നിർദേശമുണ്ടായിരുന്നു. ഇതുപ്രകാരമാണ് ഒരു ജില്ലയിലും പുതിയ സ്ഥിരം ബാച്ചുകൾ വേണ്ടതില്ലെന്ന് സമിതികൾ റിപ്പോർട്ട് ചെയ്തത്. മലപ്പുറം ജില്ലയിൽ മാത്രം 202 താൽക്കാലിക ബാച്ചുകളും 33 താൽക്കാലികമായി ഷിഫ്റ്റ് ചെയ്ത ബാച്ചുകളുമുണ്ട്. വർഷങ്ങളായി ഈ ബാച്ചുകളിൽ 60 വീതം കുട്ടികൾ പഠിക്കുമ്പോഴാണ് സ്ഥിരം ബാച്ചുകൾ വേണ്ടെന്ന് വീണ്ടും റിപ്പോർട്ട് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.