കൊച്ചി: പ്ളാസ്റ്റിക് കാരി ബാഗുകള്‍ സംസ്ഥാന വ്യാപകമായി നിരോധിക്കുന്നത് സംബന്ധിച്ച് ഹൈകോടതിയെ തീരുമാനം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി.
പ്ളാസ്റ്റിക് കാരി ബാഗുകളുടെ നിരോധനം സംബന്ധിച്ച് സര്‍ക്കാര്‍ ഈ മാസം ഒമ്പതിനകം തീരുമാനമെടുത്ത് അറിയിക്കാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുകയാണെന്നും തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനത്തെ പ്ളാസ്റ്റിക് മാലിന്യനിയന്ത്രണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രഫ. എസ്. സീതാരാമനടക്കം നല്‍കിയ ഹരജികളിലാണ് സര്‍ക്കാറിന് കോടതിയുടെ നിര്‍ദേശമുണ്ടായത്. കേസ് വീണ്ടും ജനുവരി 20ന് പരിഗണിക്കാന്‍ മാറ്റി.
പ്ളാസ്റ്റിക് മാലിന്യമെന്ന വിപത്തില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാന്‍ ആദ്യ നടപടിയെന്ന നിലയില്‍ മൈക്രോ അളവുകള്‍ പരിഗണിക്കാതെതന്നെ കാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍െറ നിര്‍ദേശം.
നിയമവിരുദ്ധവും ശാസ്ത്രീയമല്ലാത്തതുമായ രീതിയില്‍ പ്ളാസ്റ്റിക് മാലിന്യം തള്ളുന്നത് ഗൗരവപരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. മലിനീകരണം തടയാന്‍ സര്‍ക്കാറിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍, ഇതിന് നടപടി ഉണ്ടാകുന്നില്ല. ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കാതിരിക്കല് ഭരണഘടനാവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.