കാഞ്ഞങ്ങാട്: എൽ.ഡി.എഫ് സർക്കാർ രണ്ടാം വാർഷികത്തിെൻറ ഭാഗമായി കാഞ്ഞങ്ങാട് മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്ത പരിപാടിയിൽനിന്ന് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടു. ‘പ്രമുഖ പൗരന്മാരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽനിന്നാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മാധ്യമപ്രവർത്തകരെ പുറത്താക്കിയത്. ശനിയാഴ്ച രാവിലെ 11.15ഒാടെയാണ് സംഭവം. സർക്കാറിെൻറ രണ്ടാംവാർഷികത്തിെൻറ ഭാഗമായ പരിപാടിയെന്നാണ് അറിയിപ്പുണ്ടായിരുന്നതെങ്കിലും ജില്ല ഭരണകൂടത്തിനോ പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർക്കോ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.
മാധ്യമപ്രവർത്തകർക്ക് പ്രവേശനമുണ്ടാകില്ലെന്ന് മുൻകൂട്ടി അറിയിച്ചതുമില്ല. ദൃശ്യമാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ രാവിലെ തന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആമുഖഭാഷണം കഴിഞ്ഞയുടനെ അദ്ദേഹത്തിെൻറ നിർദേശപ്രകാരം സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണനും ജില്ല കമ്മിറ്റി അംഗം വി.വി. രമേശനും വേദിയിൽനിന്ന് ഇറങ്ങി മാധ്യമപ്രവർത്തകരുടെ അടുത്തുവന്ന് ഹാളിൽനിന്ന് പുറത്തിറങ്ങണമെന്നാവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രിക്കുവേണ്ടി അധ്യക്ഷൻ മന്ത്രി ഇ. ചന്ദ്രശേഖരൻ മൈക്കിലൂടെ മാധ്യമങ്ങൾ പുറത്തുപോകണമെന്ന് അറിയിക്കുകയുംചെയ്തു. കാരണമന്വേഷിച്ച മാധ്യമപ്രവർത്തകരെ നോക്കി മുഖ്യമന്ത്രി തന്നെ പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഹാളിനു പുറത്തിറങ്ങിയ മാധ്യമപ്രവർത്തകരെ ചില നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമം നടത്തി. പരിപാടിക്കുശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ഒരുമണിയോടെ പരിപാടി അവസാനിപ്പിച്ച് വേദിയിൽ നിന്നിറങ്ങിയ ഉടനെ കാറിൽ കയറി അദ്ദേഹം െറസ്റ്റ്ഹൗസിലേക്ക് പോയി. സി.പി.എം ജില്ല കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വ്യാപാര, വാണിജ്യ മേഖലകളിലെ പ്രമുഖർ, ഇടതുപക്ഷ അനുഭാവമുള്ള സംഘടന ഭാരവാഹികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവരാണ് പെങ്കടുത്തത്. പി. കരുണാകരൻ എം.പി, കെ. കുഞ്ഞിരാമൻ എം.എൽ.എ, സി.പി.െഎ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, നീലേശ്വരം നഗരസഭ െചയർമാൻ പ്രഫ. കെ.പി. ജയരാജൻ, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൻ എൽ. സുലൈഖ എന്നിവരും വേദിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.