ചെങ്ങന്നൂർ: എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളിലൂടെ കേരളം അംഗീകരിക്കപ്പെടുമ്പോൾ എ.കെ. ആൻറണി കുശുമ്പ് കാണിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ വിവിധ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ചിലത് പറയുമ്പോൾ കേരളത്തിലെ സർക്കാർ തുള്ളിച്ചാടുകയാണെന്നാണ് ആൻറണി പറഞ്ഞത്. കേരളത്തിെൻറ പ്രത്യേകതകൾ രാജ്യം അംഗീകരിക്കുമ്പോൾ ഇല്ലെന്ന് പറയണമോ. നേട്ടങ്ങളുടെ നെറുകയിലേക്ക് കേരളം ഉയരുമ്പോൾ ആൻറണി അങ്ങേയറ്റം വിഭ്രാന്തിയിലാണ്. എല്ലാ മേഖലയിലും മറ്റുസംസ്ഥാനങ്ങളെക്കാൾ മുന്നിലാണ് എന്ന് കണക്കുകൾ സഹിതം വ്യക്തമാക്കുമ്പോൾ ‘‘ഏയ് ഞങ്ങളങ്ങനെയൊന്നുമല്ല’’ എന്ന് പറയണമെന്നാണോ ആൻറണിയുടെ ആഗ്രഹം.
ബി.ജെ.പിയെ നേരിടാൻ സി.പി.എമ്മിന് ശക്തിയില്ലെന്നാണ് ആൻറണി പറയുന്നത്. കോൺഗ്രസുകാരിൽ പലരും രാത്രി ബി.ജെ.പിയാണെന്ന് മുമ്പ് ആൻറണി പറഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള കോൺഗ്രസുകാരെല്ലാം രാത്രിയും പകലും അങ്ങനെതന്നെയാണോയെന്ന് ആൻറണി വ്യക്തമാക്കണം. സി.പി.എം മഹാമേരുവാണെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ, കോൺഗ്രസിെൻറ സ്ഥിതി പരിശോധിക്കണം. മതേതരപാർട്ടികളെ അംഗീകരിക്കുകയാണ് ആൻറണി ചെയ്യേണ്ടത്.
ത്രിപുരയിൽ കോൺഗ്രസ് എം.എൽ.എമാരെല്ലാം ബി.ജെ.പിയിലേക്ക് പോയി. കർണാടകയിൽ കുമാരസ്വാമിക്ക് പിന്നിൽ പോയി ഇരിക്കേണ്ട സ്ഥിതി കോൺഗ്രസിന് വന്നു. അവിടുത്തെ സ്വന്തം എം.എൽ.എമാരിൽപോലും കോൺഗ്രസിന് വിശ്വാസമില്ല. അവരെ ഇപ്പോഴും റിസോർട്ടുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. പരമോന്നത നീതിപീഠത്തെപോലും കൈപ്പിടിയിലൊതുക്കി ജനാധിപത്യവും നാടിെൻറ മതനിരപേക്ഷതയും തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.