നടിയെ ആക്രമിച്ച കേസ്: അടൂർ പ്രകാശിന്‍റേത് വിചിത്ര വാദഗതി; ദിലീപ് ഗൂഢാലോചന ആരോപിക്കുന്നത് ചില കാര്യങ്ങൾ ന്യായീകരിക്കാൻ -മുഖ്യമന്ത്രി

കണ്ണൂർ: നടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്‍റേത് വിചിത്രമായ വാദഗതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കെതിരെ പൊലീസ് ഗൂഢാലോചന നടത്തിയെന്ന് ദിലീപ് പറയുന്നത് ചില കാര്യങ്ങൾ ന്യായീകരിക്കാൻ വേണ്ടിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കണ്ണൂർ പ്രസ് ക്ലബ്ബിലെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘പ്രോസിക്യൂഷൻ നല്ല രീതിയിൽ തന്നെ കേസ് കൈകാര്യം ചെയ്തുവെന്നാണ് പൊതുവെയുള്ള ധാരണ. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഘട്ടത്തിലും പൊതുസമൂഹവും നിയമവൃത്തങ്ങളുമെല്ലാം നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. നിയമപരമായ പരിശോധനകൾ നടത്തിയ ശേഷമാണ് തുടർനടപടികൾ എന്തൊക്കെ വേണമെന്ന് തീരുമാനിക്കാനാകുക. അതിജീവിതക്ക് എല്ലാ ഘട്ടത്തിലും അവർക്കാവശ്യമായ പിന്തുണ നൽകുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സ്വീകരിച്ചത്. അതാണ് ഇനിയും തുടരുക.’

‘അടൂർ പ്രകാശിന്‍റേത് യു.ഡി.എഫ് കൺവീനറുടെ യു.ഡി.എഫ് രാഷ്ട്രീയം വെച്ചുള്ള നിലപാടാണ്. പൊതുസമൂഹം എല്ലാ ഘട്ടത്തിലും അതിജീവിതക്കൊപ്പമായിരുന്നു. വിചിത്രമായ വാദഗതിയാണ് യു.ഡി.എഫ് കൺവീനറുടേത്. വേറെ പണിയില്ലാത്തതുകൊണ്ടാണോ സർക്കാർ അപ്പീൽ പോകുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നാടിന്‍റെ പൊതുവികാരത്തിന് എതിരായ പറച്ചിലായിപ്പോയി അത്.’

‘ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി പറഞ്ഞ് പരാതി നൽകിയിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത്തരമൊരു നിവേദനം കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഗൂഢാലോചന നടത്തിയെന്ന ദിലീപിന്‍റെ ആരോപണം, അദ്ദേഹത്തിന്‍റെ തോന്നലുകൾ പറയുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കാര്യങ്ങൾ നീക്കുന്നത്. ചില കാര്യങ്ങൾ ഇപ്പോൾ അദ്ദേഹം ന്യായീകരിക്കാൻ വേണ്ടി പറ‍യുന്നതാണ്. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസിന് മുന്നിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അവർ നിലപാടുകളെടുക്കുന്നത്. അത് ഏതെങ്കിലും വ്യക്തിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് കാണാൻ കഴിയില്ല.’ -മുഖ്യമന്ത്രി പറഞ്ഞു.

അടൂർ പ്രകാശ് പറഞ്ഞത്:

ദിലീപിന് നീതി ലഭ്യമായി. അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തികൂടിയാണ് ഞാൻ. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇതൊക്കെ നടന്നതെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നലെ വിധി വന്ന് പല അഭിപ്രായങ്ങൾ കേട്ടപ്പോൾ എനിക്കും അങ്ങനെ തോന്നി. സർക്കാർ അപ്പീലിന് പോകുമല്ലോ, സർക്കാറിന് വേറെ ഒരു പണിയുമില്ലല്ലോ. ഏതൊക്കെ തരത്തിൽ ആരെയൊക്കെ ഉപദ്രവിക്കാൻ കഴിയും എന്ന് നോക്കുന്ന സർക്കാറാണ് ഇവിടെയുള്ളത്. എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാൻ തയാറായി നിൽക്കുകയാണ് സർക്കാർ -എന്നായിരുന്നു കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഇത് വിവാദമായതോടെ കോൺഗ്രസ് നേതാക്കളടക്കം അടൂർ പ്രകാശിനെ തള്ളി രംഗത്തെത്തി. ഇതോടെ നിലപാടിൽ മലക്കംമറിഞ്ഞ് അടൂർ പ്രകാശ് പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലെത്തി. ‘അതിജീവിതക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. വിധിയുണ്ടായ കോടതിയെ തള്ളിപ്പറയുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. അതിജീവിതക്ക് നീതി കിട്ടാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നിശ്ചയമായും നടക്കണം. അതിജീവിതക്കൊപ്പമാണ് യു.ഡി.എഫും കോൺഗ്രസും. അപ്പീൽ പോകുന്ന കാര്യത്തെക്കുറിച്ച് സർക്കാർ തീരുമാനിക്കണം. അപ്പീൽ പോയിട്ടുള്ള തീരുമാനം വരട്ടെ, അപ്പോൾ പറയാം.’ -എന്ന് അടൂർ പ്രകാശ് പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan about Actress Attack Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.