തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും രൂപവത്കരിച്ച് സർക്കാർ ഉത്തരവ്. ഒരു ജില്ലയിൽ മേയ് 31ന് മൂന്ന് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്ന പ്രിൻസിപ്പൽമാരുടെ തസ്തികയായിരിക്കും സ്ഥലംമാറ്റത്തിനായി പരിഗണിക്കുന്ന ഓപൺ വേക്കൻസി. ഇതിന് പുറമെ ആ വർഷം ഉണ്ടാകുന്ന ഒഴിവുകളും ഇതിൽ പരിഗണിക്കും. സ്ഥലംമാറ്റം ലഭിക്കുന്ന പ്രിൻസിപ്പലിന് അതേ സ്കൂളിൽ മൂന്ന് വർഷം പൂർത്തിയാകുന്നത് വരെ അവിടെ തുടരാം.
ഒരു വർഷം പൂർത്തിയായാൽ അടുത്ത വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. മൂന്ന് വർഷം പൂർത്തിയായിട്ടും വേറെ അപേക്ഷകരില്ലെങ്കിൽ പ്രിൻസിപ്പലിനെ അതേ സ്കൂളിൽനിന്ന് സ്ഥലംമാറ്റേണ്ടതില്ല. ഭരണപരമായ സൗകര്യാർഥം നിയമന അതോറിറ്റിക്ക് മാറ്റാം. പരസ്പര മാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കില്ല. ഹോംസ്റ്റേഷനിലേക്കുള്ള മാറ്റത്തിനുള്ള മാനദണ്ഡം പ്രിൻസിപ്പൽ തസ്തികയിലെ സർവിസ് ദൈർഘ്യം (ഔട്ട് സ്റ്റേഷൻ സർവിസ് വെയ്റ്റേജ്) ആയിരിക്കും.
ഹോം സ്റ്റേഷന് പുറത്ത് സർവിസ് സീനിയോറിറ്റിയായിരിക്കും പരിഗണിക്കുക. ഡെപ്യൂട്ടേഷൻ, വിദേശ ജോലി, മെഡിക്കൽ സർട്ടിഫിക്കറ്റിലല്ലാതെയുള്ള ശമ്പളരഹിത അവധിക്കാലം എന്നീ കാലഘട്ടം സ്ഥലംമാറ്റ സീനിയോറിറ്റിക്ക് പരിഗണിക്കില്ല. ഹോം സ്റ്റേഷനായി ഇഷ്ടമുള്ള ജില്ല തെരഞ്ഞെടുക്കാം.
പ്രിൻസിപ്പൽ തസ്തികയിലെ സ്ഥലംമാറ്റത്തിനായി ഹോം സ്റ്റേഷൻ മാറ്റാൻ അനുവദിക്കില്ല. ഹോം സ്റ്റേഷനിൽനിന്ന് 50 കിലോമീറ്റർ വരെ മുൻഗണന ലഭിക്കില്ല. 51 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ ഒരു വർഷ സേവനം 1.05 വർഷമായും 101 മുതൽ 200 കിലോമീറ്റർ വരെ ഒരു വർഷ സേവനം 1.10 വർഷമായും 201 മുതൽ 300 വരെ 1.25 വർഷമായും പരിഗണിക്കും. 301 മുതൽ 400 കിലോമീറ്റർ 1.35 വർഷം, 401 മുതൽ 500 കിലോമീറ്റർ വരെ 1.50 വർഷം, 501 കിലോമീറ്ററും അതിന് മുകളിലും 1.60 വർഷ സേവനമായും പരിഗണിക്കും.
പ്രിൻസിപ്പൽ സ്ഥലംമാറ്റത്തിനായി മാസങ്ങളായി മുടങ്ങിക്കിടക്കുന്ന മാനദണ്ഡങ്ങൾ അടങ്ങിയ ഉത്തരവ് പുറപ്പെടുവിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെ എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിടമൂർത്തിയും ജനറൽ സെക്രട്ടറി അനിൽ എം. ജോർജും സ്വാഗതം ചെയ്തു. ആദ്യം പ്രിൻസിപ്പൽ സ്ഥലം മാറ്റവും തുടർന്ന് അധ്യാപക സ്ഥലംമാറ്റവും അടിയന്തരമായി നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഉത്തരവിനെ കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്ലത്തീഫ് സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.