പാലേരി (കോഴിക്കോട്): കുറ്റ്യാടിപുഴയിലെ തോട്ടത്താംകണ്ടി കടവിൽ അലക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ടുമരിച്ചു. തോട്ടത്താംകണ്ടി അണ്ടിക്കുന്നുമ്മൽ സുബീഷിന്റെ ഭാര്യ രമ്യ (35), മകൻ ശിവനന്ദു (7) എന്നിവരാണ് ശനിയാഴ്ച വൈകീട്ട് ഒഴുക്കിൽപ്പെട്ടത്.
പുഴക്കരയിൽ അലക്കുന്നതിനിടെ അമ്മയോടൊപ്പം വെള്ളത്തിലിറങ്ങിയ ശിവനന്ദു ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രമ്യ അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന മൂത്തമകൻ ഹരിനന്ദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രമ്യയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ രാത്രിയോടെയാണ് ശിവനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കടിയങ്ങാട് ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു രമ്യ. കൈവേലി സ്വദേശിനിയാണ്. ശിവനന്ദു കുന്നശ്ശേരി ഗവ. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മറ്റൊരു മകൻ: ഹരിനന്ദ്. മൃതദേഹങ്ങൾ കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.