വി.മുരളീധരന്റെ ജാത്യാധിക്ഷേപം: ഗൗരവപൂര്‍ണമായ അന്വേഷണം നടത്തണമെന്ന് കെ.എസ്.കെ.ടി.യു, സ്പീക്കര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കട്ടേല അംബേദ്കര്‍ മെമ്മോറിയല്‍ ട്രൈബല്‍ എല്‍ പി സ്‌കൂളിലെ പ്രവേശനോത്സവ സമയത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള പിഞ്ചുകുഞ്ഞുങ്ങളോട് ജാത്യാധിക്ഷേപം നടത്തിയ കഴക്കൂട്ടം എം.എല്‍.എ വി. മുരളീധരനെതിരെ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂനിയന്‍ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി.

നിയമസഭാംഗമായ വി.മുരളീധരനില്‍ നിന്നും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് അനുഭവിക്കേണ്ടിവന്ന അവഹേളനവും അപമാനവും നിയമസഭയുടെ അന്തസ്സിനും അംഗങ്ങളുടെ മാന്യമായ ഭരണഘടനാധിഷ്ഠിതമായ പെരുമാറ്റത്തിനും നിരക്കാത്ത നടപടിയാണെന്ന് കെ.എസ്.കെ.ടി.യു പരാതിയില്‍ പറഞ്ഞു. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധി, ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും ചട്ടങ്ങളും മര്യാദകളും പാലിക്കേണ്ടതുണ്ട്.

ഇത്തരം സംഭവങ്ങള്‍ നിയമസഭാംഗങ്ങളില്‍നിന്നും ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല. കട്ടേല ട്രൈബല്‍ എല്‍.പി.സ്‌കൂളിലെ വിദ്യാഥികള്‍ക്ക് നേരെ എം.എല്‍.എയില്‍ നിന്നുണ്ടായ സവര്‍ണ ജാതി പ്രയോഗത്തെക്കുറിച്ചും ജാത്യാധിക്ഷേപത്തെ സംബന്ധിച്ചും ഗൗരവപൂര്‍ണമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂനിയന്‍ പരാതിയിലൂടെ നിയമസഭാ സ്പീക്കറോട് അഭ്യാർഥിച്ചു.

Tags:    
News Summary - KSKTU Seeks Probe Into V Muraleedharan's Alleged Caste Abuse of Tribal Children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.