കിഫ്ബിക്ക് ഭൂമിയും സ്ഥലവും വാങ്ങാനുള്ള തീരുമാനം റദ്ദാക്കിയേക്കും

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ നടന്ന എല്ലാ ഇടപാടുകളും കൃത്യമായി പരിശോധിക്കാനുറച്ച് സംസ്ഥാന സർക്കാർ. ധനവകുപ്പിന് പുറത്ത് മറ്റൊരു സാമ്രാജ്യമായി നിലകൊണ്ട കിഫ്ബിയിൽ പല ഇടപാടുകളിലും അഴിമതി നടന്നെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. സമയം കുറവായതിനാൽ കിഫ്ബിയെക്കുറിച്ച കാര്യങ്ങളിൽ വിശദ പരിശോധന നടത്തി ധവളപത്രത്തിൽ ഉൾപ്പെടുത്താൻ സാധിച്ചിരുന്നില്ല. ആ സാഹചര്യത്തിലാണ് ഇഴകീറിയുള്ള പരിശോധനയിലേക്ക് സർക്കാർ നീങ്ങുന്നത്. തന്നിഷ്ടപ്രകാരം എടുത്ത പല തീരുമാനങ്ങളും റദ്ദാക്കാനും ശമ്പളം ഉൾപ്പെടെ ആനുകൂല്യങ്ങൾ സംബന്ധിച്ച ഫയലുകൾ വ്യക്തമായി പരിശോധിക്കാനുമുള്ള നീക്കത്തിലാണ് സർക്കാർ. ധനവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശ പ്രകാരമാണിത്.

വൻതുക ചെലവിട്ട് കിഫ്ബിക്ക് ഭൂമിയും കെട്ടിടവും വാങ്ങാൻ കഴിഞ്ഞ സർക്കാർ കൈക്കൊണ്ട തീരുമാനം റദ്ദാക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 15നാണ് ധൃതിപിടിച്ച് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സെക്രട്ടേറിയറ്റിന് എതിർവശത്ത് കിഫ്ബി ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് ടെൻഡർ നടപടികൾ ഒഴിവാക്കി വാങ്ങാൻ തീരുമാനിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട ശമ്പളം തീരുമാനിച്ച ഫയലുകളിലും അന്വേഷണം വരും. അതിന്‍റെ ഭാഗമായി ഒന്നര ലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുന്ന 45 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ചീഫ് പ്രോജക്ട് എക്സാമിനർക്ക് ചീഫ് സെക്രട്ടറിയുടെ ഇരട്ടിയാണ് ശമ്പളം. മൂന്ന് പേർക്ക് നാല് ലക്ഷത്തോളമാണ് ശമ്പളം.

രണ്ടാം പിണറായി സർക്കാറിന്‍റെ കാലത്തെ കിഫ്ബിയുടെ പല തീരുമാനങ്ങളിലും മന്ത്രിമാർക്കുവരെ കടുത്ത അതൃപ്തിയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നേരിട്ടായിരുന്നു നിയന്ത്രണം. ഇതിൽ എതിർപ്പുണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം ധവളപത്ര സമിതിക്ക് വിവരങ്ങൾ കൈമാറിയെന്നാണ് സൂചന. ഉയർന്ന പലിശക്ക് വായ്പയും മസാലബോണ്ടും, എടുത്ത വായ്പകൾ ഉപയോഗിക്കാതെ തിരിച്ചടച്ചു, വൻതുകക്ക് കൺസൽട്ടൻസി കരാർ, ചില മേഖലകൾക്ക് അധിക ഫണ്ട്, ശിപാർശകളിലെ നിയമനങ്ങൾ എന്നിവയെല്ലാം ഉയരുന്ന സംശയങ്ങളാണ്. കിഫ്ബിയുമായി ബന്ധപ്പെട്ട പല ഫയലുകളും ഓഡിറ്റ് സംഘത്തിനുൾപ്പെടെ കൈമാറിയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ആവശ്യപ്പെട്ട പല രേഖകളും ലഭിച്ചില്ലെന്ന് നേരത്തേ കിഫ്ബിയിൽ ഓഡിറ്റ് നടത്തിയ സംഘം ഫയലിൽ രേഖപ്പെടുത്തിയിരുന്നു.

Tags:    
News Summary - The decision to purchase land and premises for KIIFB may be canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.