തിരുവനന്തപുരം: വര്‍ഗീയ കക്ഷികളുമായുള്ള ബന്ധത്തിന്‍റെ പേരില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ കനത്ത വാക്പോര്. നിയമസഭയിൽ കണ്ണൂരിലെ ബോംബ്സ്ഫോടനവുമായി ബന്ധപ്പെട്ട് സണ്ണിജോസഫിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെയാണ് വാഗ്വാദം. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ പരാമർശം വന്നതോടെയാണ് 27 മിനിറ്റ് നീണ്ട മറുപടിയിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി കടുത്ത ആരോപണങ്ങൾ ഉയർത്തിയത്. അതേ നാണയത്തിൽ പ്രതിപക്ഷ നേതാവ് മറുപടിയും നൽകി. ഇതിനിടെ, സഭ പലവട്ടം ബഹളത്തിൽ മുങ്ങി.

••മുഖ്യമന്ത്രി: ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത് ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ, പോപുലര്‍ ഫ്രണ്ട് സംഘടനകളാണ്. ഇവരെക്കുറിച്ച് ഒരക്ഷരം പരാമര്‍ശിച്ചില്ല. കോണ്‍ഗ്രസിന്‍റെ ആര്‍.എസ്.എസ് ബന്ധവും വര്‍ഗീയ ശക്തികളോടുള്ള അമിതമായ താല്‍പര്യവുമാണ് ഇതിൽ തെളിയുന്നത്. വിഷയത്തില്‍ സി.പി.എമ്മിനെ വലിച്ചിഴച്ചത് രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തോടെയാണ്. യു.ഡി.എഫും എസ്.ഡി.പി.ഐ, പോപുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് പോലെയുള്ള സംഘടനകളും തമ്മിലുള്ള വോട്ട് കൈമാറ്റവും രാഷ്ട്രീയ ധാരണകളും മറച്ചുവെച്ച് തങ്ങള്‍ക്ക് കഴിഞ്ഞ കാലത്ത് വോട്ടുചെയ്ത ഇത്തരക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷനേതാവിന് വ്യഗ്രത.

••പ്രതിപക്ഷ നേതാവ്: ആര്‍.എസ്.എസ് പിന്തുണയോടെ ജയിച്ച് 1977ല്‍ നിയമസഭയില്‍ വന്നയാളാണ് പിണറായി വിജയൻ. ഒരു കോണ്‍ഗ്രസുകാരനും ആര്‍.എസ്.എസ് വോട്ടു കിട്ടി ജയിച്ച് നിയമസഭയിലെത്തിയിട്ടില്ല.

••മുഖ്യമന്ത്രി: കോൺഗ്രസ് ഇവിടെ നിലനില്‍ക്കുന്നത് ഇടതുസര്‍ക്കാര്‍ ഉള്ളതുകൊണ്ടാണ്. ദേശീയതലത്തില്‍ നിങ്ങളെ കൂട്ടത്തോടെ ബി.ജെ.പി കൊണ്ടുപോകുന്നു. ത്രിപുരയില്‍ നിങ്ങള്‍ ഒന്നാകെയാണ് ബി.ജെ.പിയില്‍ പോയത്. ഇവിടെ അങ്ങനെ ചെയ്താലും നിലനില്‍ക്കാനാവില്ലെന്ന് ബി.ജെ.പിക്ക് അറിയാം. അതിനവർക്ക് ഇടതുമുന്നണിയെ ഇല്ലാതാക്കണം. അതിന് നിങ്ങള്‍ കൂട്ടുനില്‍ക്കുകയാണ്.

••പ്രതിപക്ഷ നേതാവ്: ത്രിപുരയിലൊന്നും ആരും ആര്‍ക്കൊപ്പവും പോയിട്ടില്ല. ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അവിടെ ബി.ജെ.പിയുടെ ഒരു സീറ്റ് പിടിച്ചെടുത്തത് കോണ്‍ഗ്രസാണ്. അവിടെ നിങ്ങള്‍ മൂന്നാം സ്ഥാനത്താണ്. ബംഗാളില്‍ നിങ്ങളുടെ എത്ര ഓഫിസുകള്‍ ബി.ജെ.പി കൈയേറിയെന്ന് പരിശോധിക്കണം. അവരൊക്കെ ഇപ്പോള്‍ ഇവിടെ പണിക്ക് വരികയാണ്.

••മുഖ്യമന്ത്രി: കണ്ണൂര്‍ ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണ്. 2020 മുതല്‍ ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിൽ അഞ്ചെണ്ണം യു.ഡി.എഫ് ചെയ്തതാണ്. ധീരജിനെ കൊലപ്പെടുത്തിയപ്പോള്‍ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് പറഞ്ഞതും ധീരജിന്‍റെ അനുഭവമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതും ആരാണ്?.

••പ്രതിപക്ഷ നേതാവ്: ബോംബുണ്ടാക്കുമ്പോള്‍ മരിച്ചവരെ രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ച് സഹായം നല്‍കിയ പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോള്‍ ക്ലാസെടുക്കുന്നത്. കൃപേഷിനെയും ശരത്‌ലാലിനെയും ഫനീഫയെയുമൊക്കെ എങ്ങനെ കൊന്നെന്ന് എല്ലാവര്‍ക്കുമറിയാം.

നിങ്ങളുടെ കൊടിപിടിച്ച് നടന്ന ടി.പി. ചന്ദ്രശേഖരനെ എത്ര നീചമായാണ് കൊന്നത്. 80 ശതമാനം സ്‌ഫോടനക്കേസുകളും തെളിവില്ലാതെ അവശേഷിക്കുന്നു. ഇതില്‍ നിങ്ങളുടെ പാര്‍ട്ടിക്കാരെ പിടിക്കില്ല.

എന്തുകൊണ്ട് ആര്‍.എസ്.എസ്, എസ്.ഡി.പി.ഐക്കാരെ പിടിക്കുന്നില്ല. അഭിമന്യുവിനെ കൊന്ന കേസിലെ ഒന്നാം പ്രതി കോവിഡ് വന്ന് പുറത്തിറങ്ങിയതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കുശേഷം പിടിച്ചത്. പൊലീസിന്‍റെ കൈകള്‍ കെട്ടപ്പെട്ടു.

Tags:    
News Summary - Pinarayi-Sateesan war of words in the assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.