പത്തനംതിട്ട ജില്ല കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് വീണ ജോര്‍ജ്: 'മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല'

പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. മണ്ഡലം സെക്രട്ടറി സ്വയം സ്ഥാനമൊഴിഞ്ഞത് സ്ഥാനാർഥിക്ക് താൽപര്യമില്ലാത്തതിനാല്‍ ഒഴിവാക്കിയതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ഉള്‍പ്പെടെ തെറ്റിദ്ധാരണയുണ്ടാക്കി. എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

മുന്‍ ആരോഗ്യമന്ത്രിയായ വീണാ ജോര്‍ജിനെ കോണ്‍ഗ്രസ് സ്ഥാനാർഥി അബിന്‍ വര്‍ക്കിയാണ് പരാജയപ്പെടുത്തിയത്. മണ്ഡലം സെക്രട്ടറി ഓമല്ലൂര്‍ ശങ്കരന്‍ സ്ഥാനമൊഴിഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു വീണാ ജോര്‍ജ് തിരിച്ചടിച്ചത്. ചില നേതാക്കള്‍ പോലും സ്ഥാനാര്‍ഥിക്ക് താത്പര്യമില്ലാത്തതിനാലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞതെന്ന് പ്രചരിപ്പിച്ചു. ഇത് വോട്ടര്‍മാരും വിശ്വസിക്കാന്‍ ഇടയായെന്നും അവര്‍ പറഞ്ഞു. അതേസമയം, ചില നേതാക്കള്‍ വീണാ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായി ചില പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചു.

ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് അവരുടെ പെരുമാറ്റമാണെന്ന് പത്തനംതിട്ട സി.പി.എം ജില്ല കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. പ്രവർത്തകർ വിളിച്ചാൽ ഫോൺ എടുക്കില്ല. അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയനായിരുന്നു. ഷൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തു. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നു. എം.വി. ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്ന് പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റിലും നേതൃത്വത്തിന് നേരെ വിമർശനമുയർന്നു. പാർട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ ശൈലി ജനങ്ങൾക്ക് ദഹിച്ചില്ല. 'പിണറായിയുടെ വീട്ടിൽ പോയി ചോദിക്ക്' പരാമർശത്തിനും വിമർശനം. മാറില്ലെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രതികരണം. അത് കേട്ടില്ലെന്ന് വച്ചാൽ എന്തായിരുന്നു കുഴപ്പമെന്നും ചോദ്യമുയർന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും അമിത ആത്മവിശ്വാസമുണ്ടായി, വി. കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോർച്ചയുണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.

Tags:    
News Summary - Veena George explodes at Pathanamthitta district committee meeting: 'I informed her that I was not interested in contesting, but the district leadership did not accept it'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.