നിലമ്പൂർ: ഇസ്രായേലിനെതിരായ പരാമർശങ്ങൾക്കിടെ കോൺഗ്രസിനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നടത്തിയത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഫലസ്തീൻ ജനതയുടെ മോചനത്തിനായും അവകാശങ്ങൾക്കായും മഹാത്മ ഗാന്ധിയുള്ള കാലം മുതൽ കോൺഗ്രസിന് പ്രഖ്യാപിത നിലപാടുണ്ട്. അത് ഏതെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിനോ വോട്ട് ലഭിക്കാനോ ഉള്ളതല്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.
ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന നിലപാട് മഹാത്മ ഗാന്ധിയുടെ കാലം മുതൽക്ക് ആരംഭിച്ച് ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ മുഴുവൻ സർക്കാരുകളും അതിൽ ഉറച്ച് നിന്നിട്ടുള്ളതാണ്. എ.ഐ.സി.സി സമ്മേളനങ്ങളിലെല്ലാം ഫലസ്തീന് വേണ്ടിയുള്ള വാചകങ്ങളടങ്ങിയ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്.
ഏറ്റവുമൊടുവിൽ ഇപ്പോഴുണ്ടായ സംഭവത്തിനെതിരെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജൂൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആദ്യം തന്നെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ആറ് മാസം മുമ്പ് ഗസ്സയിലെ കൂട്ടക്കൊലക്കെതിരായും ഫലസ്തീന് പിന്തുണയുമായി ഫലസ്തീൻ ചിഹ്നമുള്ള ബാഗ് പ്രതീകാത്മകമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ കൊണ്ടു വന്നതിനെതിരായിട്ടാണ് സംഘ്പരിവാർ പ്രതിഷേധവുമായി രംഗത്തുവന്നത്.
അന്നൊന്നും ഒരു കമ്യൂണിസ്റ്റുകാരും പ്രിയങ്ക ഗാന്ധിക്ക് പിന്തുണയുമായി വന്നത് കണ്ടില്ല. ഇപ്പോൾ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് വന്നാണ് ഇത് പറയുന്നത്. 2022 ഡിസംബറിൽ ഇസ്രായേൽ കോൺസുലേറ്റ് ജനറലുമായി ചർച്ച നടത്തിയതും പിണറായി വിജയനാണ്. ഇസ്രായേലുമായുള്ള വ്യാപാരബന്ധം കേരളം ശക്തിപ്പെടുത്തുന്നു. അതിനെ വളരെ സന്തോഷത്തോടെ നോക്കിക്കാണുന്നു എന്നൊക്കെയാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇപ്പോൾ മുഖ്യമന്ത്രി ചെയ്യുന്നത്, അവസരവാദത്തിലൂടെ താൽകാലികമായെങ്കിലും വോട്ട് മറിക്കാനാകുമോ എന്ന് നോക്കുകയാണെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
സത്യം വിളിച്ചു പറയുമ്പോൾ എൽ.ഡി.എഫിന് നോവുന്നുണ്ടെങ്കിൽ, ഇനിയും അത് തന്നെ തുടരുമെന്ന് വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകേണ്ട വിഷയമാണ് പാവപ്പെട്ടവരുടെ പെൻഷൻ. അർഹതപ്പെട്ടവർക്ക് യഥാസമയത്ത് പെൻഷൻ ലഭിക്കാനുള്ള സാഹചര്യമൊരുക്കാനാണ് വീഴ്ചകൾ ചൂണ്ടി കാണിക്കുന്നത്. അത് പറയുമ്പോൾ ആർക്കെങ്കിലും നോവുന്നുണ്ടെങ്കിൽ അത് കാര്യമാക്കുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിൽ നിന്ന് ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ല. വഴിയിലൂടെ പോകുന്നവർക്കെതിരെയൊക്കെ കേസെടുക്കുന്നു. പേരൂർക്കടയിൽ പട്ടികജാതി വിഭാഗത്തിലെ പാവപ്പെട്ട സ്ത്രീക്കെതിരെ കേസെടുത്തപ്പോൾ കണ്ടതും അത് തന്നെയാണ്. നിലമ്പൂരിലെ മത്സര ചിത്രം വളരെ വ്യക്തമാണ്. കേരള സർക്കാറിനെതിരെ ശക്തമായ ജനവികാരം നിലമ്പൂരിൽ നിലനിൽക്കുന്നുണ്ട്. ആ ജനവികാരം ഉൾക്കൊള്ളുന്ന ജനങ്ങൾ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും.
അത് മനസിലാക്കിക്കൊണ്ടാണ് അവസാനത്തെ കളിയുമായി മുഖ്യമന്ത്രി അടക്കമുള്ളവർ നിലമ്പൂരിൽ വന്നിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സർക്കാറിന്‍റെ നാറുന്ന കഥകളുമായി ബന്ധപ്പെട്ടാണ് വന്നത്. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ യു.ഡി.എഫിന് മാത്രമേ കഴിയൂ. ആ യാഥാർഥ്യം ജനങ്ങൾക്കറിയാം. അതുകൊണ്ട് തന്നെ വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.