കൊച്ചി: വൈകിപ്പോയെങ്കിലും രാജ്യത്തിന്‍റെ ഉന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ മലയാളത്തിന്‍റെ അതുല്യ നടനായ മമ്മൂട്ടിക്ക് സമ്മാനിച്ചത് ഇരട്ടിമധുരം. 2024ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങുന്ന ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പത്മഭൂഷൺ വാർത്ത മമ്മൂട്ടിയെ തേടിയെത്തിയത്. 1998ൽ പത്മശ്രീ ലഭിച്ചിരുന്നു.
ഉയർന്ന പത്മ അവാർഡുകൾക്ക് മമ്മൂട്ടിയെ പരിഗണിക്കാത്തതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഏറെക്കാലമായി കേരളത്തിൽ നിലനിൽക്കുന്നതാണ്. മലയാളത്തിന്‍റെ മറ്റൊരു മഹാനടൻ മോഹൻലാലിന് ദാദാ സഹെബ് ഫാൽക്കെ അവാർഡ് ലഭിച്ച വേളയിലും അർഹമായ പരിഗണന മമ്മൂട്ടിക്ക് നൽകാത്തതിനെ ചില പ്രമുഖർ വിമർശിച്ചിരുന്നു.
എന്നാൽ, ഇതൊന്നും ബാധിക്കാത്തവിധം അഭിനയകലയിലെ പുതിയ പരീക്ഷണങ്ങളിലൂടെ വിജയഗാഥകളൊരുക്കി മുന്നേറുകയായിരുന്നു മമ്മൂട്ടി എന്ന പ്രതിഭ. അഭിഭാഷകവൃത്തിയിൽനിന്ന് അഭിനയ രംഗത്തെത്തി സിനിമ മേഖല കൈപ്പിടിയിലൊതുക്കിയ മമ്മൂട്ടിയെ തേടിയെത്തിയ അവാർഡുകൾക്കും അംഗീകാരങ്ങൾക്കും കണക്കില്ല. മൂന്നു പതിറ്റാണ്ടിലേറെയായി സജീവ അഭിനയരംഗത്തുള്ള മമ്മൂട്ടിക്ക് മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്‍റെ അവാർഡ് നേടിയത് ഏഴ് തവണ.
2010ൽ കേരള സർവകലാശാലയും കാലിക്കറ്റും ഡോക്ടറേറ്റ് നൽകി ആദരിച്ചു. മലയാളം കമ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. സർക്കാറിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ് വിൽ അംബാസഡറാണ്. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ രക്ഷാധികാരിയുമാണ്.
വ്യത്യസ്ത വേഷങ്ങൾ തെരഞ്ഞെടുത്ത് അത് ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന അഭിനേതാക്കളിൽ ഇന്ത്യയിലെതന്നെ ഏറ്റവും മുൻപന്തിയിലുള്ളവരുടെ കൂട്ടത്തിലാണ് മമ്മൂട്ടി. അടുത്ത കാലത്തായി ചെയ്ത വേഷങ്ങളെല്ലാം രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
നെഗറ്റീവ് റോളുകൾവരെ സധൈര്യം ഏറ്റെടുത്ത് അതിലെ അഭിനയസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി കൈയടി വാങ്ങുന്ന മമ്മൂട്ടി ലോക സിനിമക്കുതന്നെ അത്ഭുതമാണ്. ഇതിനിയിലാണ് മറ്റൊരു പൊൻതൂവലായി പത്മഭൂഷണും ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.