സ്വർണക്കൊള്ള; എസ്.ഐ.ടി അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ച് വീണ്ടും ഹൈകോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘം (എസ്.ഐ.ടി) നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയെന്ന് വീണ്ടും ഹൈകോടതി. ജാമ്യ ഹരജികൾ പരിഗണിച്ച കോടതികളിലും പൊതു സമൂഹത്തിലും നിലവിലെ അന്വേഷണത്തെക്കുറിച്ച് വിമർശനമുണ്ടെന്ന വാദമുയർന്നെങ്കിലും ഇതൊന്നും അലട്ടുന്നില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി. മേൽനോട്ടം വഹിക്കുകയല്ലാതെ അന്വേഷണം എങ്ങനെ വേണമെന്ന് നിർദേശിക്കാൻ കോടതിക്കാവില്ല. അന്വേഷണം ശാസ്ത്രീയമായ നിലയിൽ പൂർത്തിയാക്കുകയാണ് ഈ ഘട്ടത്തിൽ പ്രധാനമെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിശ്വ ഹിന്ദു പരിഷത്ത്, യോഗക്ഷേമ സഭ തുടങ്ങിയവർ നൽകിയ ഹരജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. എല്ലാം നന്നായി വരികയല്ലേ വേണ്ടതെന്ന് വാദത്തിനിടെ കോടതി ഹർജിക്കാരോട് ആരാഞ്ഞു.

ഒട്ടേറെ സംഭവങ്ങളുടെ പരമ്പര തന്നെ സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വർണം പൊതിഞ്ഞ ലോഹപ്പാളികളുടെ ഒറിജിനൽ മാറ്റിയിരുന്നോയെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനായി സാമ്പിളുകൾ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്കും ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിലേക്കും അയച്ചിരിക്കുയാണ്. വിചാരണ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും നടക്കുക. കുറ്റവാളികൾ ഉത്തരം പറയേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഹരജികളിൽ വിശദീകരണം നൽകാൻ സി.ബി.ഐക്ക് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഹരജികൾ വിശദ വാദത്തിനായി രണ്ടാഴ്ചത്തേക്ക് മാറ്റിയ കോടതി മറുപടി സത്യവാങ്മൂലം നൽകാൻ സർക്കാറിന് നിർദേശവും നൽകി.

Tags:    
News Summary - Gold heist; High Court again expresses satisfaction with SIT investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.