തിരുവനന്തപുരം: ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ.പി ജയരാജനെ വിടാതെ പി. ജയരാജൻ. ഇ.പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തിൽ എന്ത് നടപടി എടുത്തുവെന്ന് സംസ്ഥാന സമിതിയിൽ പി. ജയരാജന്‍ വീണ്ടും ഉന്നയിച്ചു. പ്രശ്‌നം പാർട്ടി പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മറുപടി നൽകി. പലകാരണങ്ങളാൽ ചർച്ച നീണ്ടുപോയതാണെന്നും വിശദീകരണം നൽകി.
2022 ലായിരുന്നു വൈദേകം ആയുവര്‍വേദ റിസോര്‍ട്ടിന്‍റെ മറവിൽ ഇ.പി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ പി. ജയരാജൻ ഉന്നയിച്ചത്. ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം റിപ്പോർട്ട് ചെയ്ത കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് റിസോർട്ട് വിവാദം പി.ജയരാജൻ ഉന്നയിച്ചത്. ഇ.പി ഈ യോഗത്തിൽ പങ്കെടുക്കാതെ നാട്ടിലേക്കു മടങ്ങിയിരുന്നു.
നേരത്തേ പി.ജയരാജൻ പാർട്ടിനേതൃത്വത്തിന് പരാതി എഴുതി നൽകിയതിനുശേഷം ഈ റിസോർട്ടിൽ ഇ.ഡി പരിശോധന നടത്തുകയും തുടർന്ന് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ ഗ്രൂപ്പ് ഈ റിസോർട്ടിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി ഈ വിഷയത്തിൽ കൂടുതൽ നടപടികൾക്ക് മുതിർന്നിരുന്നില്ല. അതിനാലാണ് പി.ജയരാജൻ വീണ്ടും വിഷയം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത്.
അതേസമയം, സി.പി.എം കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ഇ.പി ജയരാജൻ. ജയരാജൻ്റെ അടുത്ത നീക്കം എന്താണെന്ന് പാർട്ടിയും രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നുണ്ടെങ്കിലും മൗനം വെടിയാൻ ഇ.പി ജയരാജൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.