'ഞങ്ങടെ മുഖ്യ നേതാവേ...'; എറണാകുളത്ത് ആവേശത്തിരമാലയായി വി.ഡി. സതീശന് ഗംഭീര വരവേൽപ്പ്

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 102 എന്ന മാന്ത്രിക സംഖ്യയിലെത്തിനു പിന്നാലെ വി.ഡി. സതീശന് സ്വന്തം തട്ടകമായ എറണാകുളത്ത് ആവേശത്തിരമാല തീർത്ത് പ്രവർത്തകർ. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അഞ്ച് വർഷക്കാലം മുന്നണിയെ നയിച്ച് മികച്ച വിജയം നേടിയ ശേഷം ആദ്യമായി ജില്ലയിലെത്തിയ അദ്ദേഹത്തെ വരവേൽക്കാൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ജനസാഗരമാണ് തടിച്ചുകൂടിയത്. ട്രെയിനിൽ വന്നിറങ്ങിയ വി.ഡി. സതീശനെ പ്രവർത്തകർ എടുത്തുയർത്തിയാണ് ആഹ്ലാദം പങ്കുവെച്ചത്. 'ഞങ്ങടെ മുഖ്യ നേതാവേ', 'വി.ഡി... വി.ഡി സിന്ദാബാദ്', 'പറവൂരിന്റെ മണിമുത്തേ', 'മുഖ്യമന്ത്രി സതീശാ' തുടങ്ങിയ മുദ്രാവാക്യങ്ങളാൽ റെയിൽവേ സ്റ്റേഷൻ പരിസരം പ്രകമ്പനം കൊണ്ടു. പ്രവർത്തകർ നൽകിയ ഉപഹാരങ്ങളും ചിത്രങ്ങളും ഏറ്റുവാങ്ങിയ അദ്ദേഹം എല്ലാവരെയും അഭിവാദ്യം ചെയ്തു. തിരുവനന്തപുരത്ത് കണ്ട ആഘോഷങ്ങളെക്കാൽ വൻജനാവലിയാണ് വന്ദേഭാരത് എക്സ്പ്രസിൽ എറണാകുളത്ത് എത്തിയ വി.ഡി. സതീശന് അണികളും സഹപ്രവർത്തകരും നൽകിയത്.

2021-ൽ നേരിയ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വന്ന യു.ഡി.എഫ് കരുത്തുറ്റ പോരാട്ടത്തിലൂടെ അധികാരത്തിലെത്തിയതിന്റെ ആവേശം സ്വീകരണത്തിലുടനീളം പ്രിവർത്തകർക്കിടയിൽ പ്രകടമായിരുന്നു. വോട്ടെണ്ണലിന്റെ തലേദിവസം തിരുവനന്തപുരത്തേക്ക് പോയ അദ്ദേഹം, വിജയലഹരിയിൽ തലസ്ഥാന നഗരി കണ്ടതിനേക്കാൾ വലിയ ജനക്കൂട്ടത്തെയാണ് എറണാകുളത്ത് സാക്ഷ്യം വഹിച്ചത്. 'ജനനായകന് സ്വാഗതം' എന്ന ബോർഡുകളുമായി ആയിരത്തിലധികം പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. കൃത്യം 100-ലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് നേരത്തെ പ്രവചിച്ച നേതാവ് കൂടിയാണ് അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.കെ. വിനോദ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങുകൾ. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുതൽ മുതിർന്ന നേതാക്കൾ വരെ ഉച്ചയോടെ തന്നെ റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. ജില്ലയിലെ 14 മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ തൂത്തുവാരിയ യു.ഡി.എഫിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു സ്വീകരണത്തിന് പിന്നാലെ നടന്ന വമ്പിച്ച പ്രകടനം. വൻ വാഹന അകമ്പടിയോടെ ജാഥയായാണ് പ്രവർത്തകർ അദ്ദേഹത്തെ ആനയിച്ചത്. എറണാകുളത്തെ ചരിത്രവിജയത്തിന് പിന്നാലെ വി.ഡി. സതീശന്റെ അടുത്ത രാഷ്ട്രീയ നിയോഗം എന്താകുമെന്ന ആകാംക്ഷയിലാണ്  കേരളം.

Tags:    
News Summary - Our Chief Leader...'; Grand welcome for V.D. Satheesan as a wave of excitement hits Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.