തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവിപണനത്തിനായി എൽ.ഡി.എഫ് സർക്കാർ വിദേശമദ്യ ചട്ട ഭേദഗതി വരുത്തിയത് ബക്കാർഡി മദ്യകമ്പനി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്നപ്പോൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലെന്ന് രേഖകൾ. 2021ൽ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന് ബക്കാർഡി കമ്പനി നൽകിയ കത്താണ് ഇതിന് തെളിവായി പുറത്തായത്. സ്ത്രീസൗഹൃദമാണ് വീര്യം കുറഞ്ഞ മദ്യമെന്ന് ബക്കാർഡി കമ്പനി കത്തിൽ പറയുന്നു. കേരളത്തിൽ ഈ മദ്യത്തിന്റെ വിൽപന ഇല്ലാത്തതിനാൽ ഇവന്റുകൾ ഗോവയിലേക്ക് മാറുന്നെന്നാണ് ബക്കാർഡി കത്തിൽ ചൂണ്ടിക്കാട്ടിയത്.
കമ്പനിയുടെ ഈ കത്തിന് പിന്നാലെയാണ് എം.വി. ഗോവിന്ദൻ തുടർനടപടിക്ക് നികുതി വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയതെന്ന വിവരമാണ് പുറത്തുവരുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം നൽകാനും അടിയന്തരമായി വിശദ റിപ്പോർട്ട് നൽകാനുമായിരുന്നു നിർദേശം. കത്തിലെ ചില കാര്യങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് വ്യാഴാഴ്ച കത്ത് പുറത്തുവന്നത്.
കമ്പനി സീനിയര്‍ മാനേജര്‍ 2021 സെപ്റ്റംബര്‍ 17നാണ് മന്ത്രി എം.വി. ഗോവിന്ദന് കത്ത് നല്‍കിയത്. ‘ടൂറിസം മേഖലയിലും കോര്‍പറേറ്റ് ഇവന്റുകളിലും ലിംഗവ്യത്യാസമില്ലാതെ പ്രിയപ്പെട്ട ഉല്പന്നമാണ് ബക്കാഡി ബ്രീസറും ബക്കാഡി പ്ലസും’ എന്നാണ് കമ്പനി കത്തില്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീസൗഹൃദ ഉല്പന്നങ്ങളായ ഇവ ഇല്ലാത്തതിനാല്‍ പലരും ഗോവ, പുതുച്ചേരി എന്നിവിടങ്ങളിലാണ് പരിപാടി നടത്തുന്നത്.
ഈ സാഹചര്യത്തില്‍ ബിയര്‍, വൈന്‍ കാറ്റഗറിക്കൊപ്പം ലോ ആല്‍ക്കഹോളിക്ക് ബിവറേജ് എന്നുകൂടി ഉള്‍പ്പെട്ട കാറ്റഗറി ഭേദഗതി നടപ്പാക്കണമെന്നും ബക്കാർഡി കത്തില്‍ ആവശ്യപ്പെടുന്നു. വീര്യം കുറഞ്ഞ മദ്യം സര്‍ക്കാറിന്റെ റവന്യൂ വരുമാന വര്‍ധനക്കും ടൂറിസം മേഖലയുടെ ഉണര്‍വിനും മുതല്‍ക്കൂട്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 29ന് തന്നെ തുടര്‍നടപടി ആവശ്യപ്പെട്ട് എം.വി. ഗോവിന്ദൻ നികുതി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. ബക്കാർഡി നല്കിയ അപേക്ഷ പരിഗണിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിര്‍വചനം നല്കിയ വിശദ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനാണ് എക്സൈസ് മന്ത്രി നിര്‍ദേശിച്ചിരുന്നത്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് വീര്യം കുറഞ്ഞ മദ്യം കൂടി ഉള്‍പ്പെടുത്തി ഇടതുസര്‍ക്കാര്‍ വിദേശമദ്യ ചട്ടം ദേഭഗതി ചെയ്തത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മൂന്ന് പുതിയ ക്ലാസിഫിക്കേഷനുകളാണ് മദ്യത്തില്‍ കൊണ്ടുവന്നത്, ലോ ആല്‍ക്കഹോളിക് ബിവറേജസ് (വീര്യം 0.5-20 ശതമാനം), ഹോര്‍ട്ടി ലിക്കര്‍ (വീര്യം 20-30 ശതമാനം), ഹോര്‍ട്ടി വൈന്‍ (വീര്യം പരമാവധി 15.5). അപേക്ഷകരായ ബക്കാർഡി കമ്പനിയുടെ ബ്രീസറിൽ 4-5 ശതമാനമാണ് വീര്യമെന്നായിരുന്നു അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.