‘കട്ടിങ് നബീലിനെ’ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം; കാമുകിയുമൊത്ത് ദുബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു

തൃശൂർ: അന്തിക്കാട് കവർച്ച കേസിൽ മുഖ്യസൂത്രധാരനായ കട്ടിങ് നബീൽ ബംഗളൂരുവിൽ പിടിയിലായത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ. കവർച്ചക്കുശേഷം ബംഗളൂരുവിലെ ആഡംബര വില്ലയിൽ കാമുകിയുമൊത്ത് കഴിയുകയായിരുന്നു പ്രതി.

കാമുകിയോടൊപ്പം ദുബൈയിലേക്ക് കടക്കാനിരിക്കെയാണ് പൊലീസ് വില്ലയിലെത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഏറെ ശ്രമകരമായി കീഴ്പ്പെടുത്തുകയായിരുന്നു. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരുവിൽനിന്ന് പ്രതിയെ പിടികൂടിയത്

മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യു.എസ് ഡോളർ തരാമെന്നു വിശ്വസിപ്പിച്ച് പാലക്കാട് സ്വദേശികളായ ഇടപാടുകാരെ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയാണ് കവർച്ച നടത്തിയത്. ഇടപാടുകാർ എത്തിയ കാറിന്റെ ചില്ല് തല്ലിപ്പൊളിച്ച് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ച് 16.25 ലക്ഷം രൂപയും ഐഫോണും കവർന്നുവെന്നാണ് കേസ്. മുഖ്യപ്രതിയായ നബീൽ (26) മലപ്പുറം അരീക്കോട് സ്വദേശിയാണ്.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി ബിനാൻസ് എക്സ്ചേഞ്ച് വഴി ക്രിപ്റ്റോ ട്രേഡിങ് നടത്തുന്നവരെ കണ്ടെത്തി, ഇന്ത്യൻ രൂപ വളരെ കുറഞ്ഞ നിരക്കിൽ യു.എസ് ഡോളറാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. തുടർന്ന് ക്രിമിനൽ സംഘത്തിലെ രണ്ടുപേർ ഇടപാടുകാരുടെ കാറിൽ കയറി ഇവരുടെ കൈവശം പണമുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മറ്റു സംഘാംഗങ്ങളെ വിളിച്ചുവരുത്തി ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ജൂൺ 19-ന് രാത്രി 8.45 ഓടെയായിരുന്നു സംഭവം.

തൃപ്രയാർ അമ്പലം വഴി പൈനൂർ ആമലത്ത് അമ്പലത്തിന് അടുത്തെത്തിയപ്പോൾ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ ഇടപാടുകാരുടെ കാറിന് കുറുകെ നിർത്തി തടഞ്ഞു. ഈ സമയം രണ്ട് പ്രതികൾ ചേർന്ന് പാലക്കാട്ടുനിന്നു വന്ന നാലുപേരുടെയും മുഖത്ത് പെപ്പർ സ്പ്രേ അടിച്ചു. തൊട്ടുപിന്നാലെ കാറിന്റെ ചില്ലുകൾ തകർക്കുകയും ഉള്ളിലുണ്ടായിരുന്നവരെ വാളുകൊണ്ട് വെട്ടിയും കമ്പിവടികൊണ്ട് അടിച്ചും  പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്ന 16,25,000 രൂപയും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ 15 പ്രോ മാക്സ് ഫോണും കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്.

പരിക്കേറ്റ മുഹമ്മദ് റാഫിയുടെ പരാതിയിൽ അന്തിക്കാട് പൊലീസ് കേസെടുക്കുകയും പിന്നീട് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയുമായിരുന്നു. ഇവർ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മുഖ്യസൂത്രധാരനിലേക്ക് എത്തിയത്. ഈ കേസിലെ മറ്റൊരു പ്രതിയെ ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ, അന്തിക്കാട് എസ്.എച്ച്. ഒ വി.എം. കേഴ്സൺ, എസ്.ഐ എം. അഫ്സൽ, പി. ജയകൃഷ്ണൻ, ജി.എ എസ്.ഐ മാരായ രാജു, ഷൈൻ, ലിജു ഇയ്യാനി, ഇ.എസ്. ജീവൻ, ജി.എസ് സി.പി.ഒ സോണി സേവ്യർ, സി.കെ. ബിജു, കൃഷ്ണദാസ്, സി.പി.ഒമാരായ കെ.ജെ. ഷിന്റോ, സുർജിത് സാഗർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - 'Cutting Nabeel' Trapped by Strategic Police Move; Plan to Escape to Dubai With Girlfriend Foiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.