കിഴക്കമ്പലം (എറണാകുളം): അവയവക്കച്ചവട റാക്കറ്റിലെ മുഖ്യകണ്ണി നജീബ് കല്ലട്ര പിടിയിലായതോടെ വിവിധ ഡി.ടി.പി സെന്ററുകളും സ്റ്റുഡിയോകളും കേന്ദ്രീകരിച്ച് അന്വേഷണം. നജീബ് വ്യാജ രേഖകൾ നിർമിക്കാൻ പല ഡി.ടി.പി സെന്ററുകളെയും സ്റ്റുഡിയോകളെയും ഉപയോഗപ്പെടുത്തിയെന്ന സൂചനയെ തുടർന്നാണിത്. അതേസമയം, പലരും ഇത്തരത്തിൽ വ്യാജ രേഖകൾ നിർമിക്കാൻ തയാറായില്ല.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന നജീബിന് കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തതിനാൽ ഡി.ടി.പി സെന്ററുകളെയും സ്റ്റുഡിയോകളെയും ആശ്രയിച്ചാണ് വ്യാജരേഖകൾ നിർമിച്ചത്. ജീവകാരുണ്യ പ്രവർത്തനത്തിനെന്ന വ്യാജ്യേന സെന്ററുകളെ സമീപിക്കുകയും വലയിൽ കുടുങ്ങുന്നവരെ തട്ടിപ്പു സംഘത്തിന്റെ ഭാഗമാക്കുകയുമായിരുന്നു. മൂന്നു വർഷമായി പള്ളിക്കര കേന്ദ്രീകരിച്ച് പ്രവത്തിച്ച നജീബ് എറണാകുളം ജില്ലയിൽ വിവിധ സെന്ററുകളെ സമീപിച്ചതായി പൊലീസിന് വിവരം ലഭിച്ചു. 2017ൽ മംഗലാപുരത്ത് നടന്ന കൊലപാതകമടക്കം 12 കേസുകളിൽ പ്രതിയാണ് ഇയാൾ. നജീബിന്റെ ഭാര്യ റഷീദയടക്കം ഒമ്പത് പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട് .
ആലുവ റൂറൽ എസ്.പിയുടെയും കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണറുടെയും നേതൃത്വത്തിൽ രണ്ടു സംഘങ്ങളായി അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ആശുപത്രികളിലടക്കം പരിശോധന നടത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന. നജീബിന്റെ താമസ സ്ഥലത്തുനിന്ന് ലഭിച്ച ഡയറി നിർണായകമാണ്. അവയവദാനമടക്കം ഏതുവിധത്തിലുള്ള മെഡിക്കൽ ആവശ്യവും നടത്തിക്കൊടുക്കുമെന്ന് വ്യക്തമാക്കുന്നതാണ് നജീബും റഷീദയും നടത്തിയിരുന്ന കല്ലട്രാസ് എന്ന വെബ്സൈറ്റ്.
കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് തങ്ങളുടേതെന്നായിരുന്നു ഇവരുടെ അവകാശവാദം. എന്നാൽ, ഇത് പ്രവർത്തിച്ചിരുന്നത് എടത്തലയിലെ ഒരു ചെറിയ മുറിയിലാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും അവയവദാന ബോധവത്കരണത്തിന്റെയും മറകൂടി ഈ വെബ്സൈറ്റിനുണ്ട്. ഈ വെബ്സൈറ്റിലൂടെ വൃക്കയും കരളും ആവശ്യമുള്ള രോഗികളെയും സാമ്പത്തികമായി തകർന്ന ദാതാക്കളെയും ഇയാൾ ഒരേസമയം വലയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.