ബാറുകളിൽ കോടികളുടെ നികുതി വെട്ടിപ്പ്; ബില്ലുകൾ നൽകുന്നതിൽ വ്യാപക കൃത്രിമം നടന്നെന്ന് ജി.എസ്‌.ടി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ 70.73 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പും നടന്നയായി ജി.എസ്‌.ടി വകുപ്പ് കണ്ടെത്തി. വിറ്റുവരവിന്‍റെ 10 ശതമാനമാണ് ബാർ ഹോട്ടലുകൾ നികുതിയടക്കേണ്ടത്. ‘ഓപറേഷൻ സ്റ്റോംലൈറ്റ്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് ജി.എസ്.ടി കമീഷണർ വ്യക്തമാക്കി.

കഴിഞ്ഞ സർക്കാറിന്‍റെ അവസാന സാമ്പത്തിക വർഷം ബാർ ഹോട്ടലുകളിൽനിന്നുള്ള വിറ്റുവരവ് നികുതി പിരിവ് ഉഴപ്പിയതിനാൽ മുൻവർഷത്തെക്കാൾ 100.61 കോടിയുടെ നികുതി നഷ്ടം സംഭവിച്ചെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 38 ഹോട്ടലുകളിൽ ആദ്യഘട്ടമായി ജി.എസ്‌.ടി ഇന്‍റലിജൻസ്, എൻഫോഴ്സ്മെന്‍റ് വിഭാഗം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലിന് ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു.

റിട്ടേണുകൾ നിശ്ചിത സമയത്ത് സമർപ്പിക്കാതെ നികുതി വെട്ടിക്കുന്ന ബാർ ഹോട്ടലുകളിലായിരുന്നു പരിശോധന. മുൻവർഷങ്ങളിലെ ഇടപാടുകൾ സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിലെ ഒരു ബാറിൽ ബിൽ എഴുതി നൽകുന്നത് ടിഷ്യൂ പേപ്പറിലാണെന്ന് കണ്ടെത്തി. തൃശൂരിലെ ബാറിൽ തുണ്ടുകടലാസിലാണ് ബിൽ. പരിശോധനക്ക് മുന്നോടിയായി ഉപഭോക്താവെന്ന നിലയിലെത്തിയ ഉദ്യോഗസ്ഥർക്കാണ് ഈ കൃത്രിമ ബിൽ നൽകിയത്. മിക്ക ബാറുകളിലും മൂന്ന് കൗണ്ടറുകളാണുള്ളത്. ഇതിൽ ഏറ്റവും വിലക്കുറവിൽ മദ്യം വിൽക്കുന്ന ലോക്കൽ കൗണ്ടറിലെ വിലയാണ് മറ്റു കൗണ്ടറുകളിൽ ഉയർന്ന വിലക്ക് വിൽക്കുന്ന മദ്യത്തിനും നികുതിക്കായി കാണിക്കുന്നതെന്ന് വ്യക്തമായി. ഇതുവഴി സർക്കാറിന് നൽകേണ്ട നികുതിയിൽ പകുതിയോളം വെട്ടിപ്പ് നടത്തുന്നു. നികുതി അടക്കാത്തതിനാൽ ജി.എസ്‌.ടി ഉദ്യോഗസ്ഥർ വിലക്കേർപ്പെടുത്തിയ രണ്ടു ബാറുകൾ തുറന്നുപ്രവർത്തിക്കുന്നതായി കണ്ടെത്തി.

Tags:    
News Summary - Bars evade tax worth crores; GST department says there was widespread fraud in issuing bills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.