തിരുവനന്തപുരം: പാർട്ടി നേതാക്കളുടെ പെരുമാറ്റത്തിൽ തെറ്റുകളും പോരായ്മകളും ഉണ്ടായിട്ടുണ്ടെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലുകളുടെ ചുവടുപിടിച്ച് തിരുത്തലിനുള്ള ആഭ്യന്തര സമ്മർദം ശക്തമാക്കാൻ സംസ്ഥാന സി.പി.എമ്മിലെ പുതുചേരി. നേതൃത്വത്തിനെതിരെ സംസ്ഥാനത്തുയർന്ന വിമർശനവും നേതൃമാറ്റ ആവശ്യങ്ങളും അതേപടി അംഗീകരിച്ചില്ലെങ്കിലും ‘പ്രശ്നങ്ങളുണ്ട്’ എന്ന് കേന്ദ്രകമ്മിറ്റി സ്ഥിരീകരിച്ചു. ഇതാണ് സംസ്ഥാന സി.പി.എമ്മിലെ പിണറായി വിജയൻ-എം.വി. ഗോവിന്ദൻ അച്ചുതണ്ടിനെതിരെ രൂപംകൊണ്ട പുതിയ ചേരി പിടിവള്ളിയാക്കുന്നത്. കേന്ദ്ര കമ്മിറ്റി നിർദേശിച്ച തെറ്റുതിരുത്തൽ നടപടികൾ കേവലം കടലാസിലൊതുങ്ങില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും തുടർന്നുള്ള പാർട്ടി സമ്മേളന കാലത്തും പുതുചേരി നേതൃത്വത്തിന് തലവേദനയാകും.
നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടി അണികളിലും വോട്ടർമാർക്കിടയിലുമുണ്ടായ അകൽച്ച പരിഹരിക്കാൻ കേന്ദ്രനേതൃത്വം നിഷ്കർഷിച്ച ‘ശൈലീ മാറ്റം’ അനിവാര്യമാണെന്ന നിലപാടിലാണ് പുതുചേരി. അതേസമയം പരിമിതവും സാമ്പ്രദായികവുമായ തിരുത്തലുകളാണ് ‘ശൈലീ മാറ്റം’ എന്നതിൽനിന്ന് സംസ്ഥാന നേതൃത്വം അർഥമാക്കുന്നത്. വ്യക്തികേന്ദ്രീകൃത പ്രവണതകൾ, താഴേത്തട്ടിൽനിന്നുള്ള വിയോജിപ്പുകളെ അവഗണിക്കൽ തുടങ്ങിയ ഏകപക്ഷീയ സമീപനങ്ങൾക്കെതിരായ വിശാലവും ആഴത്തിലുള്ളതുമായ മാറ്റമാണ് ബദൽ വിഭാഗത്തിന്റെ ലക്ഷ്യം. വെറും ജനസമ്പർക്ക പരിപാടികൊണ്ടോ വിശദീകരണ യോഗങ്ങൾകൊണ്ടോ തീരുന്നതല്ല ഇതെന്നും ജനത്തിന് ബോധ്യപ്പെടുംവിധമുള്ള മാറ്റങ്ങളുണ്ടാകണമെന്നുമാണ് ഇവരുടെ നിലപാട്.
സംസ്ഥാന സി.പി.എമ്മിലെ ആഭ്യന്തര ചേരിതിരിവ് വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം നയപരമായ ഭിന്നതകളിലേക്കുകൂടി വഴിമാറുന്നതായി വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടിവരയിടുന്നു. പാർട്ടിക്കുള്ളിൽനിന്നുകൊണ്ട് പരമ്പരാഗത അച്ചടക്ക സങ്കൽപങ്ങളുടെ അതിർവരമ്പുകൾ മറികടക്കുംവിധം ബദൽ നീക്കങ്ങൾ സജീവമാകുന്നതാണ് പുതിയ സാഹചര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.