കൊച്ചി: വിജിലൻസ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ പൂർണ അധികാരം സർക്കാറിനാണെങ്കിലും തീരുമാനം തെറ്റാണെങ്കിൽ ആയിരം തവണയായാലും റദ്ദാക്കുമെന്ന് ഹൈകോടതി. പ്രോസിക്യൂഷൻ അനുമതി കാര്യത്തിൽ സർക്കാറിന് സ്വേച്ഛാപരമായ തീരുമാനമെടുക്കാനാവില്ല. രേഖകൾ വിശദമായി പരിശോധിച്ച് മനസ്സുറപ്പിച്ച് നിയമപരമായ തീരുമാനമാണ് എടുക്കേണ്ടതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ തുടർച്ചയായി പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന കോടതിയലക്ഷ്യ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം.
പ്രോസിക്യൂഷൻ അനുമതി നൽകി ആദ്യം പുറപ്പെടുവിച്ച ഉത്തരവിൽ കോടതിയെ തെറ്റായി പരാമർശിക്കുന്ന ഭാഗങ്ങളുണ്ടായതിൽ ക്ഷമാപണം നടത്തി വ്യവസായ സെക്രട്ടറി കെ. ബിജു സത്യവാങ്മൂലം നൽകിയിരുന്നു. തെറ്റുതിരുത്തി രണ്ടാമതും പ്രോസിക്യൂഷൻ അനുമതി നൽകി ഉത്തരവുമിട്ടിരുന്നു. എന്നാൽ, ആദ്യ ഉത്തരവുമായി ബന്ധപ്പെട്ട് കോടതിയുടെ വിമർശനം ബുധനാഴ്ചയും തുടർന്നു. 17 വർഷത്തോളം പ്രവൃത്തിപരിചയമുള്ള ഉന്നത ഉദ്യോഗസ്ഥനാണ് കോടതിയെ കുറ്റപ്പെടുത്തി ഉത്തരവിറക്കിയതെന്ന് കോടതി പറഞ്ഞു. ഉത്തരവ് കോടതിയോടുള്ള അനാദരവാണെന്ന് മനസ്സിലാകാൻ അഡ്വക്കറ്റ് ജനറൽ പറയേണ്ടിവന്നു. ഇതിലെ മാപ്പപേക്ഷ പ്രവൃത്തിയെ ന്യായീകരിക്കുന്നതാണോയെന്നത് പരിശോധിക്കേണ്ടതുണ്ട്. വളരെ ഗൗരവകരമായ വിഷയമാണ്. അതിനാൽ, ആദ്യ ഉത്തരവിറക്കിയതിൽ വ്യവസായ സെക്രട്ടറി നൽകിയ മാപ്പപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐയുടെ അഭിഭാഷകൻ അറിയിച്ചു. ഉത്തരവിൽ ചില പോരായ്മകളുണ്ടെന്നും ലഭിച്ചശേഷം അത് ചൂണ്ടിക്കാട്ടാനുണ്ടെന്നും വ്യക്തമാക്കി. തുടർന്ന് ബുധനാഴ്ച തന്നെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് സി.ബി.ഐക്ക് കൈമാറാൻ നിർദേശിച്ച കോടതി, ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് പരാതിക്കാരനായ കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.