എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ
തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരായ തുടരന്വേഷണ റിപ്പോർട്ട് വൈകും. അഞ്ച് സംശയങ്ങൾ ഉന്നയിച്ച് അതിൽ വ്യക്തത ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖർ മടക്കിയത്.
റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ വ്യക്തത ആവശ്യമാണെന്നും ഇക്കാര്യങ്ങളിൽ തുടരന്വേഷണം നിർദേശിച്ചുമാണ് റിപ്പോർട്ട് മടക്കിയത്. അതിൽ പ്രധാനം എ.ഡി.ജി.പി അജിത്കുമാറിന്‍റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമാക്കുന്ന കാര്യമാണ്. മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം എ.ഡി.ജി.പിയുടെ ബന്ധം ഉറപ്പിക്കാനാകില്ലെന്നും അല്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നും ഡി.ജി.പി വ്യക്തമാക്കുന്നു.
രക്ഷാപ്രവർത്തന കേസ് പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ വയനാട് ഉരുൾപൊട്ടൽ സമയത്ത് കേസ് ഡയറി തിരുത്തിയെന്നാണ് ആരോപണം. ആലപ്പുഴയിൽനിന്ന് അന്വേഷണോദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് മൂന്നു ദിവസം ഇവിടെ താമസിപ്പിച്ച് കേസ് ഡയറി തിരുത്തിച്ചെന്നാണ് എസ്.ഐ.ടി മുമ്പാകെ ലഭിച്ച മൊഴികൾ. എന്നാൽ, ആ സമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത്കുമാർ വയനാട്ടിലായിരുന്നെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അന്വേഷണോദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ ഒരു ദിവസം അദ്ദേഹം വയനാട്ടിൽനിന്ന് ഓഫിസിൽ എത്തിയെന്ന മൊഴിയാണ് എസ്.ഐ.ടി റിപ്പോർട്ടിലുള്ളത്. എന്നാൽ, ഇതിന്റെ തെളിവുകൾ വേണമെന്നാണ് ഡി.ജി.പിയുടെ ആവശ്യം.
പ്രതികളുമായി എ.ഡി.ജി.പി ഫോണിൽ ബന്ധപ്പെട്ടെന്നതിലും ഡി.ജി.പി വ്യക്തത ആവശ്യപ്പെട്ടു. വ്യക്തതയില്ലാതെ റിപ്പോർട്ടിൻമേൽ നടപടി സ്വീകരിച്ചാൽ അജിത്കുമാർ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചാൽ അത് ആഭ്യന്തരവകുപ്പിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഡി.ജി.പി റിപ്പോർട്ട് മടക്കിയത്.
അതിനിടെ, ഡി.ജി.പിയെ തീരുമാനിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി യോഗം 20ന് ചേരും. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ 31 ന് സർവിസിൽനിന്ന് വിരമിക്കുമ്പോൾ പകരം ഡി.ജി.പി സ്ഥാനത്തേക്ക് അജിത്കുമാറിനെ പരിഗണിക്കേണ്ടിവരും. എന്നാൽ, സ്ക്രീനിങ് കമ്മിറ്റി ശിപാർശ ചെയ്താലും അത് തടഞ്ഞുവക്കാൻ അധികാരമുണ്ടെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നു.
ഡി.ജി.പിയുടെ നിർദേശാനുസരണമുള്ള തുടരന്വേഷണത്തിന് എസ്.ഐ.ടി കൂടുതൽ സമയമെടുക്കുമെന്നതിനാൽ സ്ക്രീനിങ് കമ്മിറ്റി യോഗത്തിന് മുമ്പ് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യത കുറവാണ്. റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറയുന്നത്.
തിരുവനന്തപുരം: ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷണം അട്ടിമറിച്ചെന്ന എസ്.ഐ.ടി റിപ്പോർട്ടിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ നടപടി വൈകുന്നുവെന്ന വാർത്തകളിൽ മാധ്യമങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഓരോ ദിവസവും മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്തകളാണിത്. എന്ത് പ്രസക്തിയാണ് ആ വാർത്തക്കുള്ളത്?. പല വാർത്തകളും കൊടുത്തതിനാൽ മാധ്യമങ്ങൾക്ക് ധൃതിയുണ്ടാകും. സർക്കാർ മാറിയിട്ടും അജിത്കുമാറിന് രാഷ്ട്രീയ സംരക്ഷണമെന്ന് മാധ്യമങ്ങൾതന്നെ തീരുമാനിക്കുകയാണ്.
സർക്കാറിന് ഇക്കാര്യത്തിൽ നടപടിക്രമമുണ്ട്. എസ്.ഐ.ടി അന്വേഷിക്കുന്ന കേസിൽ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി റിപ്പോർട്ട് വാങ്ങി നടപടിയെടുക്കാനാകില്ല. അങ്ങനെ നടപടിയെടുത്താൽ ആ ഉദ്യോഗസ്ഥൻ കോടതിയിൽ പോകും. നടപടിക്രമം പാലിച്ചേ നടപടിയെടുക്കാനാകൂ. റിപ്പോർട്ട് ഇതുവരെ സർക്കാറിന്റെ മുന്നിൽ എത്തിയിട്ടില്ല. ഡി.ജി.പിയുടെ മുന്നിലാണ്. ഡി.ജി.പിയുടെ മുന്നിലിരിക്കുന്ന കാര്യത്തിൽ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും എങ്ങനെ തീരുമാനമെടുക്കും?. മാധ്യമങ്ങൾ പറയുന്നത് പോലെയല്ല നടപടിയെടുക്കുന്നത്. അതിന് കൃത്യമായ നടപടിക്രമമുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.