പയ്യന്നൂര്‍ (കണ്ണൂർ): പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽവെച്ച് അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേ ഒന്നര വയസ്സുകാരൻ മരിച്ചത് തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജനും നിലച്ചതിനാലെന്ന് റിപ്പോർട്ട്. പൊലീസിന് കൈമാറിയ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
അനസ്തേഷ്യ നൽകേണ്ട മുറിവ് ഉണ്ടായിരുന്നില്ലെന്നും ഉടൻ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായും റിപ്പോർട്ടിൽ പറയുന്നു. കുട്ടി അബോധാവസ്ഥയിലായ ഉടൻ തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് വെൻറിലേറ്ററിലേക്ക് മാറ്റിയത്. വിശദ റിപ്പോർട്ട് ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞാൽ മാത്രമേ ലഭിക്കുകയുള്ളൂ. സാമ്പിൾ കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്.
എരമം നടുവിലെകുനിയിലെ ടി. സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. കളിക്കുന്നതിനിടെ വീണ് മുറിവേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്നും ഇതിന് അനസ്തേഷ്യ നല്‍കണമെന്നും പറഞ്ഞ് അനസ്തേഷ്യ നല്‍കുകയായിരുന്നുവത്രെ. അനസ്തേഷ്യ നല്‍കിയ കുട്ടി അബോധാവസ്ഥയിലാകുകയും പയ്യന്നൂരില്‍നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായ ദേവാൻഷ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് മരിച്ചത്.
അനസ്തേഷ്യ നല്‍കിയ ഡോക്ടറുടെ അശ്രദ്ധയാണ് കുട്ടി അബോധാവസ്ഥയിലാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധു എരമം കുതിരുമ്മല്‍ വീട്ടില്‍ കെ. രാജീവന്‍ നല്‍കിയ പരാതിയിൽ ബേബി മെമ്മോറിയല്‍ ആശുപത്രി അനസ്തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു. കുട്ടി അബോധാവസ്ഥയിലാകാൻ കാരണം ചികിത്സാപിഴവാണെന്ന പരാതി ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.