മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും
തിരുവനന്തപുരം: ഇഴകീറിയുള്ള കണക്കുകൂട്ടലുകളെയും അതിരുവിട്ട ആത്മവിശ്വാസത്തെയും അപ്രസക്തമാക്കി ഒരേസമയം മുന്നണികളുടെ തളർച്ചയും പടർച്ചക്കും കളമൊരുക്കിയ തദ്ദേശ ജനവിധി സംസ്ഥാന രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്നത് സുപ്രധാന വഴിത്തിരിവ്. ഇനി പിടിച്ചുനിൽക്കാൻ സർക്കാർ സംവിധാനങ്ങളും പാർട്ടി സംവിധാനും കൂട്ടിക്കുഴച്ച് നടത്തിയ നവകേരള സദസ്സ് മാതൃകയിലുള്ള പൊടിക്കൈകൾ മതിയാവില്ലെന്ന തിരിച്ചറിവിലേക്ക് കൂടിയാണ് ജനവിധി സർക്കാറിനെ എത്തിച്ചിരിക്കുന്നത്.
ജനവികാരം തിരിച്ചറിയാതെ കോൺക്ലേവുകളും ക്ഷേമപ്രഖ്യാപനങ്ങളും കൊണ്ട് അധികാരം നിലനിർത്താമെന്ന ധാരണകളും അസ്ഥാനത്താണ്. മറുഭാഗത്ത് ‘2020 നെ അപേക്ഷിച്ച് നില മെച്ചപ്പെടു’മെന്ന സാമാന്യ പ്രതീക്ഷയായിരുന്നു യുഡി.എഫ് ക്യാമ്പിനെങ്കിൽ, അതിൽനിന്ന് ബഹുദൂരം മുന്നോട്ടുപോയി കൂറ്റൻ മുന്നേറ്റം സമ്മാനിച്ച ജനവിധി നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും അനിവാര്യമാക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന 2026നെ സംബന്ധിച്ച നിർണായകമായ ‘തെരഞ്ഞെടുപ്പ് ബാരോമീറ്ററായി’ തദ്ദേശ ഫലം മാറുന്ന സാഹചര്യത്തിൽ കാതലായ മാറ്റങ്ങൾക്ക് സർക്കാറും അതിനെ നേരിടാൻ പ്രതിപക്ഷവും സജ്ജമാകുന്നതാകും ഇനിയുള്ള അഞ്ച് മാസത്തെ സംസ്ഥാന രാഷ്ട്രീയം. അടിത്തട്ടിൽ ശക്തമായ ഭരണവിരുദ്ധ വികാരത്തെയും ഭരണശൈലിയോടുള്ള അതൃപ്തിയെയും മറികടക്കുക എന്നതാണ് സർക്കാറിന് മുന്നിലെ പ്രധാനവെല്ലുവിളി. ആഴത്തിലുള്ള ആത്മപരിശോധനയിലേക്കും തിരുത്തൽ നടപടികളിലേക്കും കടക്കുന്നതിനും ജനവിശ്വാസമാർജ്ജിക്കുന്നതിനുമുള്ള സമയമാവട്ടെ വളരെ പരിമിതവും.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുണ്ടായ ഏകപക്ഷീയ ജനവിധി ‘പ്രദേശികമെന്ന്’ എഴുതിത്തള്ളാനാവില്ല. തദ്ദേശ വിധി ജനങ്ങളുടെ കൃത്യമായ രാഷ്ട്രീയ തീരുമാനമാണെന്ന് ഉൾക്കൊണ്ടുള്ള തിരുത്തലുകൾ അനിവാര്യമാകും. സമരങ്ങളോടുള്ള സമീപനങ്ങളിൽ തിരുത്തിനുള്ള രാഷ്ട്രീയ സമ്മർദ്ദം കൂടിയാണ് ജനവിധി. ഫലത്തിൽ ഇതിനെയെല്ലാം മറികടക്കും വിധം ജനങ്ങളിലേക്കിറങ്ങിയും മുഖഛായ മാറ്റിയും തിരക്കിട്ട ‘ജനകീയവത്കരണത്തിനാകും’സർക്കാർ ഇനിയുള്ള അഞ്ച് മാസം ശ്രമിക്കുക.
ഭരണവിരുദ്ധവികാരം തുണക്കുമെന്ന് അമിതപ്രതീക്ഷകളിൽ തെരഞ്ഞെടുപ്പിന് മുന്നേ തുടങ്ങിയ കസേരച്ചർച്ചകൾ അപകടം വരുത്തിയ ഉത്തരേന്ത്യൻ അനുഭവങ്ങളും കോൺഗ്രസിന് മുന്നിലുണ്ട്. കസേരകളും സ്ഥാനമാനങ്ങളും മുൻനിർത്തിയുള്ള അനാരോഗ്യ ഇടപെടലുകളുടെ സൂചനകൾ സമീപ കാലത്ത് കോൺഗ്രസിനുള്ളിൽ തലപൊക്കിയിരുന്നു. വിവാദങ്ങളുണ്ടാകുമ്പോൾ പ്രതികരണത്തിന് മത്സരിക്കുന്നത് മുതൽ സ്വന്തം ചെലവിലെ പ്രതിഛായ നിർമിതി വരെ ഉദാഹരണം. വിജയം ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇടതുമുന്നണി കൂടുതൽ പ്രതിരോധത്തിലാക്കും വിധമുള്ള രാഷ്ട്രീയ നീങ്ങളിലാകും യു.ഡി.എഫ് ശ്രദ്ധയൂന്നുക.
സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയും ഇനിയും അജണ്ടയാകും. നിലവിൽ ലഭിച്ച ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുബാങ്കുകൾ ഭദ്രമാക്കിയും ഒപ്പം മുന്നണി വിപുലീകരണത്തിനുള്ള സാധ്യതകൾ സജീവമാക്കിയും രാഷ്ട്രീയ മുന്നേറ്റങ്ങൾക്കുള്ള ശ്രമങ്ങൾ പ്രതിപക്ഷത്ത് നിന്നുണ്ടാകും. സർക്കാറിന്‍റെ അവസാന ഘട്ടത്തിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ സമരവേലിയേറ്റങ്ങൾക്കാണ് സാധാരണ സംസ്ഥാനം സാക്ഷ്യം വഹിക്കുക. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം പകരക്കാരെ നിശ്ചയിച്ചതിൽ എ, ഐ ഗ്രൂപ്പുകൾക്ക് അതൃപ്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.