'അപമാനിക്കാൻ നിന്ന് കൊടുക്കേണ്ടതില്ല'; വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുത്തേക്കില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തേക്കില്ല. കോൺഗ്രസ് പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്താണ് പിന്മാറ്റം.

വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ലക്ഷ്യമാണെന്നാണ് പാർട്ടി വിലയിരുത്തൽ. അപമാനിക്കാനുള്ള നീക്കത്തിന് നിന്നു കൊടുക്കേണ്ടന്നാണ് പാർട്ടിയുടെ പൊതുവികാരം. എന്നാൽ, നേതാക്കളുമായുള്ള ചർച്ചക്ക് ശേഷമേ ഔദ്യോഗിക തീരുമാനം അറിയിക്കുകയുള്ളൂ.

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കമ്മീഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കാത്തതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. വിമർശനം ശക്തമായതോടെയാണ് പ്രതിപക്ഷനേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാലാണ് വിളിക്കാത്തതെന്നായിരുന്നു സംസ്ഥാന സർക്കാറിന്‍റെ വാദം. വിഴിഞ്ഞം ട്രയല്‍ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിനെ അന്ന് സര്‍ക്കാര്‍ ന്യായീകരിച്ചത് വലിയ ആഘോഷം വരികയല്ലേ എന്നായിരുന്നു.

വിവാദമായതിന് പിന്നാലെ തിങ്കളാഴ്ചയിലെ തീയതി വെച്ച് ഇന്നലെ ഉച്ചയോടെ പ്രതിപക്ഷനേതാവിന്‍റെ വീട്ടിൽ കത്ത് എത്തിക്കുകയായിരുന്നു. അപ്രിയ സത്യങ്ങള്‍ പറയുമെന്ന് ഭയന്നാകും വിഴിഞ്ഞത്തേക്ക് വിളിക്കാതിരുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തിയിരുന്നു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണോ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അതുകൊണ്ടാണോ പ്രധാനമന്ത്രിയെ വിളിച്ചത്. പിണറായി വിജയന്റെ നാലാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണോ പ്രധാനമന്ത്രി വരുന്നത്?. മോദിയെ കൊണ്ട് പിണറായി അഭിനന്ദന വാക്ക് പറയിപ്പിച്ചാലും കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളാകില്ല. ജനങ്ങള്‍ക്ക് അറിയാം വിഴിഞ്ഞം തുറമുഖം കൊണ്ടു വന്നത് ആരാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Opposition leader VD Satheesan will not attend the Vizhinjam inauguration ceremony.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.