വടകര: പൂക്കളത്തെ കുറിച്ചോർക്കുമ്പോ സാധാരണഗതിയിൽ ഓണമാണ് ഓർമയിൽ തെളിയുക. എന്നാൽ, ഓണക്കാലത്തിന് കാത്തുനിൽക്കാതെ എന്നും പൂക്കളമൊരുക്കുന്ന ഒരു വീടുണ്ട് വടകരയിൽ. അതാണ്, കടത്തനാട്ട് രാജവംശത്തിൽപ്പെട്ട പുറമേരിയിലെ പൊറളാതിരി ആയഞ്ചരേി കോവിലകം. ഉദയവർമ ഇളയരാജയുടെ കാലത്ത് തുടങ്ങിയതാണ് ഈ പൂക്കളം തീർക്കൽ. കാലഭേദങ്ങളില്ലാതെ എട്ട് പതിറ്റാണ്ടായി ജീവിതചര്യയുടെ ഭാഗമായി മാറിയ പൂക്കളമൊരുക്കൽ കാലത്തിെൻറ മാറ്റത്തിൽ കൈമോശംവരാതെ കാത്തുസൂക്ഷിക്കുകയാണിവിടെ.
കെ.സി. ഉദയവർമ രാജയും ഭാര്യ വത്സല തമ്പുരാട്ടിയുമാണ് തലമുറകളായി കൈമാറിവന്ന ആചാരം ഇന്നും നിലനിർത്തിപ്പോരുന്നത്. എന്നും രാവിലെ ആറുമണിയോടെതന്നെ പൂക്കളം തീർത്തതിന് ശേഷമാണ് ഇവിടെ മറ്റ് ദിനചര്യകൾ ആരംഭിക്കുന്നത്. ചിലപ്പോൾ പത്തിനം പൂക്കൾ വരെ ഉമ്മറത്ത് സ്ഥാനം പിടിക്കും. പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ് ഉദയവർമ രാജ. ഭാര്യ വത്സല തമ്പുരാട്ടിയും ഇതേ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു. ഉദയവർമ രാജയുടെ മാതാവ് കാസർകോട് നീലേശ്വരം കിണാവൂർ കോവിലകത്തെ കെ.സി. ഉമാമഹേശ്വരി തമ്പുരാട്ടി പുറമേരി കോവിലകത്തെത്തിയതോടെയാണ് എല്ലാ ദിവസവും പൂക്കളം തീർക്കുന്നത് പതിവായത്. രാജവാഴ്ചയും കോവിലകങ്ങളും വിസ്മൃതിയുടെ ഭാഗമായെങ്കിലും ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുകയാണ് ഈ കുടുംബം. ഏതെങ്കിലും ഒരുദിവസം പൂക്കളമൊരുക്കാൻ കഴിയാതെപോയാൽ വലിയ മനപ്രയാസമാണെന്നും എല്ലാ പൂക്കളും വീട്ടുപറമ്പിൽ നിന്നുള്ളവയാണെന്നും ഉദയവർമ രാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.