തൊടുപുഴ: സഹകരണ വകുപ്പിൽ നടപ്പാക്കിയ ഓൺലൈൻ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ഭരണസ്വാധീനം ഉപയോഗിച്ച് വീണ്ടും ഓഫ് ലൈൻ സ്ഥലംമാറ്റം നടത്തുന്നുവെന്ന് ആക്ഷേപം. എല്ലാ വകുപ്പുകളും ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ നടപ്പാക്കണമെന്ന 2017ലെ സർക്കാർ ഉത്തരവ് സഹകരണ വകുപ്പിൽ വർഷങ്ങളായിട്ടും നടപ്പാക്കിയിരുന്നില്ല. സമരങ്ങൾക്കും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെയും ഹൈകോടതിയുടെയും ഉത്തരവുകൾക്കും അന്ത്യശാസനകൾക്കും പിന്നാലെയാണ് വകുപ്പിൽ അടുത്തിടെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കിയത്. പേരിനുമാത്രം ഒരു ഓൺലൈൻ സ്ഥലംമാറ്റ ഉത്തരവിറക്കിയതിന് പിന്നാലെ മാനദണ്ഡങ്ങൾ ലംഘിച്ച് വീണ്ടും ഓഫ് ലൈൻ സ്ഥലംമാറ്റ ഉത്തരവിറക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി.
ഓൺലൈൻ ട്രാൻസ്ഫർ മാനദണ്ഡപ്രകാരം പൊതു സ്ഥലംമാറ്റ ഉത്തരവിനുശേഷം ഉണ്ടാകുന്ന ഒഴിവുകൾ മുൻഗണന ലിസ്റ്റിലെ ക്രമപ്രകാരം നൽകണം. എന്നാൽ, ഇഷ്ടക്കാർക്ക് മാത്രം സ്ഥലംമാറ്റം നൽകാനായിട്ടാണ് തുടർഉത്തരവുകൾ ഓഫ്ലൈനായി ഇറക്കുന്നതെന്നാണ് ആരോപണം. പൊതുസ്ഥലം മാറ്റത്തിൽ താലൂക്ക് തല ഓഫിസുകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം ബോധപൂർവം ഒഴിവാക്കിയിരുന്നു. രാഷ്ട്രീയപ്രേരിതമായ സ്ഥലംമാറ്റ നടപടികൾക്കെതിരെ പ്രത്യക്ഷ സമരപരിപാടികളുമായും അതോടൊപ്പം നിയമ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്ന് കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.പി. പ്രിയേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി യു.എം. ഷാജി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.