ആലപ്പുഴ: അശ്ലീല വിഡിയോ വിവാദത്തിന്‍റെ പേരിൽ സി.പി.എം പുറത്താക്കിയ ആലപ്പുഴ സൗത്ത് ഏരിയ സെന്‍റർ അംഗമായിരുന്ന എ.പി. സോണക്കെതിരായ പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട് വസ്തുതവിരുദ്ധമെന്ന് പരാതിക്കാരി. ഇതിനെതിരെ ജില്ല സെക്രട്ടറി ആർ. നാസറിനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരാതി നൽകിയതായും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സോണയുടെ സഹോദരിമാരായ ഡിംപിൾ, ജാസ്മിൻ എന്നിവർക്കൊപ്പമാണ് പരാതിക്കാരി വാർത്തസമ്മേളനം നടത്തിയത്.
സോണയുമായി ഒന്നരലക്ഷത്തിന്‍റെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഈ പണം തിരിച്ചുകിട്ടുന്നതിന് പാർട്ടിക്ക് നൽകിയ പരാതിയുടെ പേരിൽ പാർട്ടിയിലെ ചിലർ അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. അതിനാൽ പരാതി പിന്നീട് പിൻവലിച്ചുവെന്നും അവർ പറഞ്ഞു. ഇതിന്‍റെ പേരിൽ ഭീഷണിയുണ്ട്. സോണയോടുള്ള വിരോധത്തിന് ചിലർതന്നെ കരുവാക്കി. പെൺമക്കളുടെ ഭാവിയോർത്താണ് പൊലീസിൽ പരാതി നൽകാതിരുന്നത്. ജോലിയും നഷ്ടമായി. പാർട്ടിക്ക് നൽകിയ പരാതി തയാറാക്കാൻ സഹായിച്ചവർ പുതിയ ബ്യൂട്ടി പാർലർ ഇട്ടുതരാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്തുവെന്നും അവർ പറഞ്ഞു.
താൻ നൽകിയ പരാതിയിൽ തന്നെയും മകളെയും ഉപദ്രവിച്ചുവെന്നതടക്കം കാര്യങ്ങൾ വ്യാജമായി എഴുതിച്ചേർത്തതാണ്. സി.പി.എം ബീച്ച് ബ്രാഞ്ച് സെക്രട്ടറി മാവോ, ജില്ല ഒളിമ്പിക്സ് അസോ. പ്രസിഡന്‍റ് വി.ജി. വിഷ്ണു, ഇദ്ദേഹത്തിന്‍റെ ഭാര്യ നിഷ എന്നിവർ ചേർന്നാണ് വ്യാജ പരാതി തയാറാക്കിയതെന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് പറയാനുള്ളത് വാട്ട്സ്ആപ്പിൽ വി.ജി. വിഷ്ണുവിന് അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. ഇതിലാണ് കൂട്ടിച്ചേർക്കലുകൾ വരുത്തിയതെന്നും അവർ ആരോപിച്ചു.
സോണക്കെതിരെ നടപടിയെടുത്തത് വ്യാജ വിഡിയോയുടെ പേരിലാണെന്ന് സഹോദരിമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ പാർട്ടിക്കും പൊലീസിനും പരാതി നൽകും. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഈ വിഷയത്തിൽ മറുപടി പറയേണ്ടത് നേതാക്കളാണെന്നും വി.ജി. വിഷ്ണുവും ബ്രാഞ്ച് സെക്രട്ടറി മാവോയും പ്രതികരിച്ചു.
ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി. രാജമ്മ, എ. മഹേന്ദ്രൻ എന്നിവരടങ്ങുന്ന അന്വേഷണ കമീഷൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്തസ്സിന് നിരക്കാത്ത നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോണ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഒരുമാസം മുമ്പ് സോണയെ പുറത്താക്കി. രണ്ടുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പാർട്ടി പ്രവർത്തകയടക്കം നിരവധി സ്ത്രീകളുടെ നഗ്നവിഡിയോ മൊബൈലിൽ പകർത്തി സൂക്ഷിച്ചുവെന്നായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.