പ്രതിയായ ദേവി

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; നാടോടി സ്ത്രീക്ക് അഞ്ച് വർഷം തടവ്

കൊല്ലം: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനി ദേവിക്ക് (35) അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. 2025 ഏപ്രിൽ 21ന് രാത്രിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെ അരികിൽ സുരക്ഷിതമായി ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ ആരും ശ്രദ്ധിക്കാത്ത സമയം നോക്കി പ്രതി കവർന്നെടുക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ അടൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ വെച്ചാണ് പ്രതിയും കുട്ടിയും പൊലീസിന്റെ പിടിയിലാകുന്നത്. ബസ് കണ്ടക്ടറുടെ സമയോചിതമായ ഇടപെടലും സൂക്ഷ്മമായ നിരീക്ഷണവുമാണ് അതിവേഗം കുഞ്ഞിനെ വീണ്ടെടുക്കാൻ സഹായിച്ചത്.

യാത്രക്കിടയിൽ ടിക്കറ്റ് എടുക്കുന്നതിനായി കണ്ടക്ടർ അനീഷ് സമീപിച്ചപ്പോൾ, പരിഭ്രാന്തിയിലായിരുന്ന കുട്ടി കണ്ടക്ടറുടെ കാലിൽ മുറുകെ പിടിച്ചത് അദ്ദേഹത്തിൽ വലിയ സംശയം ഉണ്ടാക്കി. തമിഴ് സംസാരിക്കുന്ന സ്ത്രീക്കൊപ്പമുള്ള കുട്ടി മലയാളത്തിലാണ് പ്രതികരിക്കുന്നതെന്നും ഇവർ തമ്മിൽ യാതൊരു സാമ്യവുമില്ലെന്നും ശ്രദ്ധിച്ച കണ്ടക്ടർ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെ പ്രതി പരിഭ്രാന്തയായി പരസ്പരവിരുദ്ധമായ മറുപടികൾ നൽകാൻ തുടങ്ങി. സംശയം തോന്നിയ കണ്ടക്ടർ ഉടൻ തന്നെ ബസ് പന്തളം പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടാൻ നിർദേശം നൽകുകയും പ്രതിയെ പൊലീസിന് കൈമാറുകയും ചെയ്തു.

കൊല്ലം ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ സവിരാജന്റെ നേതൃത്വത്തിൽ നടന്ന ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ സമർപ്പിച്ച കുറ്റപത്രമാണ് പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ നിർണായകമായത്. വിചാരണ വേളയിൽ, നിലവിൽ ചൈൽഡ് വെൽഫെയർ കമിറ്റിയുടെ സംരക്ഷണയിലുള്ള കുട്ടി കോടതിയിൽ വെച്ച് പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞത് പ്രോസിക്യൂഷന് കരുത്തായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി. മുണ്ടക്കൽ, സോജാ തുളസീധരൻ എന്നിവർ കോടതിയിൽ ഹാജരായി

Tags:    
News Summary - Nomadic woman gets five years in prison for kidnapping sleeping baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.