ഇലവുംതിട്ടയിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ; അവിവാഹിതയായ യുവതി നിരീക്ഷണത്തിൽ

പന്തളം: ഇലവുംതിട്ടയിൽ മൂന്നു ദിവസം പഴക്കമുള്ള നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയെ ഉപേക്ഷിച്ചുവെന്ന് സംശയിക്കുന്ന അവിവാഹിതയായ യുവതി ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ. മെഴുവേലി ആലക്കോട് കനാലിന് സമീപമുള്ള പറമ്പിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. ചികിത്സ തേടി ചെങ്ങന്നൂർ ഉഷാ നഴ്സിങ് ഹോമിൽ എത്തിയ അവിവാഹിതയായ യുവതിയിൽനിന്ന് ലഭിച്ച വിവരം അനുസരിച്ച് ഇലവുംതിട്ട പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി വരികയാണ്.

21 വയസുകാരിയാണ് വീട്ടിൽ പ്രസവിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കുഞ്ഞിന്റെ മരണകാരണം അറിയാൻ കഴിയൂ. വീട്ടിൽ പ്രസവിച്ചതിന്റെ അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തി. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതർ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞു വിട്ടു. തുടർന്നാണ് ചെങ്ങന്നൂർ അങ്ങാടിക്കലിൽ ഉള്ള ഉഷ നഴ്സിങ് ഹോമിൽ യുവതി എത്തിയത്. യുവതി പ്രസവിച്ചതായി മനസ്സിലാക്കിയ ഡോക്ടർ കുഞ്ഞിനെ തിരക്കിയപ്പോൾ വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അതനുസരിച്ച് ഇലവുംതിട്ട പൊലീസ് നടത്തിയ തെരച്ചിലിലാണ് തൊട്ടടുത്ത പറമ്പിൽ പുല്ലിനിടയിൽ നിന്ന് മൂന്നുദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇലവുംതിട്ട പൊലീസ് ഇൻസ്പെക്ടർ വിനോദ് കൃഷ്‌ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Newborn found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.