ചോരക്കുഞ്ഞിന്‍റെ കൊലപാതകം; പ്രസവിക്കാനും പൊക്കിൾക്കൊടി മുറിക്കാനും ഇന്റർനെറ്റ് വഴി വിവരം ശേഖരിച്ചതായി പൊലീസ്, യുവതി റിമാൻഡിൽ

കൊച്ചി: പനമ്പിള്ളിനഗറിൽ സ്വന്തം ചോരക്കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ കേസിലെ പ്രതിയായ യുവതിയെ ഈ മാസം 18 വരെ റിമാൻഡ് ചെയ്തു. ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് മജിസ്ട്രേറ്റ് നടപടി സ്വീകരിച്ചത്. ആശുപത്രി വിട്ടശേഷം പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിക്കും. തുടർന്ന് വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടക്കും.

ലഭ്യമായ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് തുറന്നുപറയാൻ യുവതിക്ക് ഭയമായിരുന്നു. ഗർഭാവസ്ഥയിൽ കുഞ്ഞിനെ ഒഴിവാക്കാനുള്ള മാർഗങ്ങൾ ഇന്‍റർനെറ്റിൽ പരതിയിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഗർഭിണിയായത് തിരിച്ചറിയാൻ വൈകിയതോടെ അലസിപ്പിക്കാനുള്ള സാധ്യതകൾ അടഞ്ഞെന്ന് മനസ്സിലാക്കി പ്രസവാനന്തരം കുഞ്ഞിനെ ഒഴിവാക്കാൻ തീരുമാനിച്ച് തയാറെടുപ്പുകൾ നടത്തിയെന്നാണ് വിവരം. പരസഹായമില്ലാതെ പ്രസവിക്കാനും പൊക്കിൾക്കൊടി മുറിക്കാനും മറ്റും ഇൻറർനെറ്റ് വഴി വിവരം ശേഖരിച്ചതായാണ് പൊലീസ് വിലയിരുത്തൽ.

വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ്​ 23കാരി ശൗചാലയത്തിൽ പ്രസവിച്ചത്​. അതിനു ശേഷമുള്ള മൂന്നുമണിക്കൂർ പരിഭ്രാന്തിയുടേതായിരുന്നു. കുഞ്ഞിന്‍റെ കരച്ചിൽ മാതാപിതാക്കൾ കേൾക്കാതിരിക്കാൻ വായ അമർത്തിപ്പിടിക്കുകയും തുണി തിരുകുകയും ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്​. പിന്നീട് വെപ്രാളത്തിൽ എന്ത് ചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എട്ടുമണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ ബാൽക്കണിയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നെന്നും പൊലീസ് വിലയിരുത്തുന്നു.

ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ യുവതിയെ കസ്റ്റഡിയിൽ വാങ്ങുകയുള്ളൂവെന്ന് സിറ്റി പൊലീസ് കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു. പനമ്പിള്ളിനഗർ വിദ്യാനഗറിലെ അപ്പാർട്​മെൻറിൽനിന്നാണ്​ കുഞ്ഞിനെ കൊറിയർ കവറിൽ പൊതിഞ്ഞ് റോഡിലേക്ക് എറിഞ്ഞത്​. ഇതുവഴി പോയ ടാക്സി ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. 

Tags:    
News Summary - newborn dead body; The woman is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.