അരൂർ : വേമ്പനാട്ടു കായലിൽ എക്കലും ചെളിയും അടിഞ്ഞുണ്ടാകുന്ന ദ്വീപുകൾ ജലയാനങ്ങൾക്ക് ഭീഷണിയാകുന്നു. അതിവേഗതയിൽ എത്തുന്ന സ്പീഡ് ബോട്ടുകളാണ് മണൽ തിട്ടകളിലിടിച്ച് അപകടത്തിൽപ്പെടുന്നത്. രാത്രിയിൽ അമിത വേഗതയിൽ എത്തിയ സ്പീഡ് ബോട്ട് ചെറു ദ്വീപിൽ ഇടിച്ചു കയറി യാത്രക്കാർ തെറിച്ചു കായൽ വീണ സംഭവം ഉണ്ടായത് രണ്ടുമാസം മുൻപാണ്.
അരൂർ- ഇടക്കൊച്ചി പാലത്തിൻറെ പടിഞ്ഞാറെ ഭാഗത്തെ കായലിലാണ് മണൽത്തിട്ടകൾ രൂപപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് തടസ്സമാകുന്ന ഇത്തരം ദ്വീപുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ സമരം നടത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. എന്നാൽ അധികൃതർ ഇക്കാര്യം ഗൗരവത്തിൽ എടുക്കുന്നില്ല. കൈതപ്പുഴ കായലിലും, വേമ്പനാട്ട് കായലിലും അരൂർ പ്രദേശത്ത് മാത്രം കിലോമീറ്ററുകൾ നീളമുള്ള പാലങ്ങൾ നിരവധിയാണ്.
പാലത്തിൻറെ ഓരോ തൂണുകളും കായലിന്റെ കിലോമീറ്ററുകൾ ആഴത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.തൂണുകൾ കായലിൽ സ്ഥാപിക്കുമ്പോൾ പുറന്തള്ളുന്ന എക്കലും മണ്ണും കായലിൽ തന്നെ നിക്ഷേപിക്കുകയാണ് പതിവ്. ഇവ കായലിൽ തന്നെ നിക്ഷേപിക്കരുതെന്ന് മത്സ്യത്തൊഴിലാളികൾ നിർമ്മാണ സമയത്ത് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കുവാൻ നിർമ്മാണ കമ്പനികൾ തയ്യാറായില്ല. ഇതു ഉൾപ്പെടെ പല കാരണങ്ങളാൽ കായലിന്റെ ആഴം കുറഞ്ഞു.തീരങ്ങളിൽ എക്കലും ചെളിയും അടിഞ്ഞു. ഇപ്പോൾ വിശാലമായ കായൽ പരപ്പിൽ അവിടവിടെ ചെറുദ്വീപുകൾ രൂപപ്പെട്ടു തുടങ്ങി. ഫിഷറീസ് വകുപ്പും, റവന്യൂ വകുപ്പും ഇക്കാര്യങ്ങൾ ഗൗരവത്തിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.