പ്രതീകാത്മക ചിത്രം
നീറ്റ് പി.ജി; നിക്ഷേപത്തുക പിടിച്ചുവെച്ച് എം.സി.സി
കോട്ടയം: മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സ് പ്രവേശന കൗൺസലിങ്ങിന് വിദ്യാർഥികളിൽനിന്ന് ഈടാക്കിയ സുരക്ഷാനിക്ഷേപം മടക്കി നൽകാതെ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ വഞ്ചന. കൽപിത സർവകലാശാല കാറ്റഗറിയിലേക്കുള്ള പ്രവേശന കൗൺസലിങ്ങിന് സുരക്ഷാനിക്ഷേപമായി വിദ്യാർഥികളിൽനിന്ന് വാങ്ങിയ രണ്ടുലക്ഷം രൂപയാണ് എം.സി.സി പിടിച്ചുവെച്ചത്. പി.ജി പ്രവേശന കൗൺസലിങ്ങിന് ഒക്ടോബറിൽ ഈടാക്കിയ തുക മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുനൽകിയിട്ടില്ല. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് രണ്ടുലക്ഷം രൂപ വീതം കോടികളാണ് എം.സി.സി നൽകാനുള്ളത്. കേന്ദ്ര സർക്കാറിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസിനും എം.സി.സിക്കും തുക ആവശ്യപ്പെട്ട് പല തവണ നിവേദനം നൽകിയിട്ടും കൃത്യമായ മറുപടി പോലുമില്ലെന്നാമ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതി.
നാല് ഘട്ടമായാണ് മെഡിക്കൽ പി.ജി സീറ്റുകളിലേക്ക് അഖിലേന്ത്യ ക്വാട്ടയിൽ അലോട്ട്മെന്‍റ് നടക്കുന്നത്. ഇതിൽ രണ്ടാം അലോട്ട്മെന്‍റിൽ സീറ്റ് ലഭിച്ചിട്ടും സംസ്ഥാന ക്വോട്ടയിൽ പ്രവേശനം നേടിയതിന്‍റെ പേരിലാണ് തന്‍റെ നിക്ഷേപത്തുക തിരിച്ചുനൽകാൻ എം.സി.സി വിസമ്മതിക്കുന്നതെന്ന് കോട്ടയത്തുനിന്നുള്ള പി.ജി വിദ്യാർഥിനി ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്വകാര്യ കൽപിത സർവകലാശാലകളിൽ അന്തിമഘട്ടത്തിൽ സീറ്റ് ഒഴിവുണ്ടാകുന്നതിലെ നഷ്ടം നികത്തുകയാണ് ഈ നിക്ഷേപത്തിന്‍റെ ലക്ഷ്യം. എന്നാൽ, രണ്ടാംഘട്ട അലോട്ട്മെന്‍റിൽ മറ്റൊരു കോളജിൽ പ്രവേശനം നേടിയതുവഴി സീറ്റ് ഒഴിഞ്ഞുകിടക്കുന്ന പ്രശ്നമുണ്ടാവില്ലെന്നും അതിന്‍റെ പേരിൽ ഇത്രയും വലിയ തുക ഈടാക്കുന്നത് അന്യായമാണെന്നും വിദ്യാർഥികൾ പറയുന്നു.
ആദ്യ അലോട്ട്മെന്‍റിൽ അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥിനിക്ക് അമൃത മെഡിക്കൽ കോളജിലാണ് കൽപിത സർവകലാശാല വിഭാഗത്തിൽ രണ്ടാം അലോട്ട്മെന്‍റ് ലഭിച്ചത്. ഇതേസമയം തന്നെ സംസ്ഥാനത്തെ മറ്റൊരു പ്രമുഖ സ്വകാര്യ കോളജിലും അലോട്ട്മെന്‍റ് വന്നതോടെ കുറഞ്ഞ ഫീസ് നിരക്കുകൂടി പരിഗണിച്ച് ഇവർ അവിടെ പ്രവേശനം നേടി. ഇതിന്‍റെ പേരിലാണ് രണ്ടുലക്ഷം രൂപ എം.സി.സി തടഞ്ഞുവെച്ചത്. കഴിഞ്ഞ നീറ്റ് പി.ജിക്ക് 2,42,493 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതെങ്കിലും 2,30,114 പേരാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.