ആലപ്പുഴ: നവകേരള സദസ്സ് യാത്രക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ഉൾപ്പെടെയുള്ളവർ കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ അഞ്ച് പൊലീസുകാരുടെയും ആദ്യഘട്ട ചോദ്യംചെയ്യൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) പൂർത്തിയാക്കി.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിൽ നടന്ന പ്രതികളുടെ ചോദ്യംചെയ്യലിലെ കൂടുതൽ തെളിവുകളും മൊഴികളും ഉൾപ്പെടുത്തി സമഗ്രമായ പുതിയ റിപ്പോർട്ട് എസ്.ഐ.ടി കോടതിക്ക് സമർപ്പിക്കും. അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ രണ്ടു റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതിൽ ആദ്യത്തേതിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. രണ്ടാം റിപ്പോർട്ടിലാണ് വധശ്രമം ഉൾപ്പെടുന്ന 308ാം വകുപ്പ് ചേർത്തത്. ഇത് നിലനിൽക്കില്ലെന്ന് കാണിച്ച് പ്രതികൾ കോടതിയെ സമീപിച്ചതോടെയാണ് മൂൻകൂർജാമ്യം നൽകിയത്.
കോടതി നിർദേശപ്രകാരം മൂന്നുദിവസം നീണ്ട ചോദ്യംചെയ്യൽ ശനിയാഴ്ച വൈകീട്ടാണ് അവസാനിച്ചത്. കേസിന് സഹായകരമായ ഒട്ടേറെ വിവരങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചു. അതിനാൽ കൂടുതൽ തെളിവുകൾ കോഡ്രീകരിച്ചുള്ള റിപ്പോർട്ട് കോടതിക്ക് നൽകും. തെളിവെടുപ്പ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിനുമുമ്പ് പുതിയ റിപ്പോർട്ട് നൽകുന്നതിലൂടെ കൂടുതൽ വകുപ്പുകൾ കൂടി ചേർത്ത് കേസ് ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
അഞ്ചുപേരും ചേർന്ന് നേതാക്കളെ മർദിച്ചതിനാൽ സംഘം ചേർന്നുള്ള ആക്രമണം അടക്കമുള്ള അധിക വകുപ്പുകൾ ചേർക്കുമെന്നാണ് വിവരം. നേതാക്കളെ മർദിക്കുന്നതിനിടെ സ്വയം അടിയേറ്റ്, കേസിൽ പ്രതിയായ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ഇയാളുടെ ദേഹപരിശോധനയിലുടെ ഇത് എസ്.ഐ.ടി കണ്ടെത്തി. അതേസമയം, പ്രതികൾ ഉപയോഗിച്ച ‘ആയുധം’ കണ്ടെത്തിയിട്ടില്ല. ഇതാണ് പ്രധാന വെല്ലുവിളി. നേതാക്കളെ മർദിക്കാൻ ഉപയോഗിച്ച അനധികൃത ആയുധം ഉൾപ്പെടെ പല ചോദ്യങ്ങൾക്കും മൗനമായിരുന്നു പ്രതികളുടെ മറുപടി. നഗരമധ്യത്തിലെ സുരക്ഷപ്രശ്നങ്ങൾ കാരണം പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനായില്ല.
ആലപ്പുഴ: ‘രക്ഷാപ്രവർത്തനം’ കേസിൽ പ്രതികളായ ഗൺമാൻമാർ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ അന്വേഷണസംഘത്തിന് മുന്നിൽ വീണ്ടും ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകി വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്താതെയും തെളിവെടുപ്പ് നടത്താതെയും ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ എസ്. അനിൽകുമാർ, എസ്. സന്ദീപ്, വി.കെ. ഷൈജു, ആർ. അരുൺ, വി.വി. വിപിൻ എന്നിവരെയാണ് വിട്ടയച്ചത്.
ആവശ്യപ്പെട്ടാൽ ഏത് സമയത്തും ഹാജരാകണമെന്ന് നിർദേശമുള്ള നോട്ടീസാണ് നൽകിയത്. പ്രതികളുടെ സംഭവദിവസത്തെ ഫോൺകോൾ വിശദാംശങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധിക്കാനാണ് നീക്കം. കോടതിയുടെ നിർദേശപ്രകാരമാണ് ഹാജരായതെന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ചെന്നും ചോദ്യചെയ്യലിനുശേഷം പുറത്തിറങ്ങിയ ഗൺമാൻ അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.