തിരുവനന്തപുരം: പതിനഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ സ്കൂളുകളിൽ അഞ്ചര ലക്ഷത്തിലധികം കുട്ടികളുടെ കുറവ്. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 2012ലുണ്ടായിരുന്നത് 39,71,537 കുട്ടികളായിരുന്നു. എന്നാൽ, 2026 -27ലെ കണക്ക് പുറത്തുവന്നപ്പോൾ ആകെയുള്ളത് 34,11,194 കുട്ടികളാണ്. 15 വർഷത്തിനിടെ കുറഞ്ഞത് 5,60,343 പേർ.
സംസ്ഥാനത്ത് ജനന നിരക്കിലുള്ള കുറവിനെ കൂടി സൂചിപ്പിക്കുന്നതാണ് സ്കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലെ വൻ കുറവ്. ഓരോ വർഷം പിന്നിടുമ്പോഴും അരലക്ഷം മുതൽ ഒരുലക്ഷം വരെയാണ് കുറയുന്നത്. 2016ലെ കണക്ക് പ്രകാരം ആകെ കുട്ടികളുടെ എണ്ണം 3,70,1577 ആയി കുറഞ്ഞിരുന്നു. 10 വർഷത്തിനിടെ കുറഞ്ഞത് 2,90,383 കുട്ടികളാണ്. 2016ൽ സർക്കാർ സ്കൂളുകളിൽ ആകെയുണ്ടായിരുന്നത് 11,26,243 കുട്ടികളായിരുന്നെങ്കിൽ 2026ൽ 10,33,008 ആയി കുറഞ്ഞു. 93,235 കുട്ടികളുടെ കുറവാണുണ്ടായത്.
എയ്ഡഡ് സ്കൂളുകളിൽ 2016ൽ ആകെയുണ്ടായിരുന്നത് 21,56,965 കുട്ടികളാണ്. 2026ൽ 19,97,613 ആയി. കുറഞ്ഞത് 1,59,352 പേർ. അൺഎയ്ഡഡിൽ 2016ൽ 4,18,369 കുട്ടികളുണ്ടായിരുന്നത് 2026ൽ 3,80,573 ആയി (കുറവ് 37,796).
ജനന നിരക്കിലെ കുറവിനപ്പുറം സംസ്ഥാന സിലബസിലുള്ള സ്കൂളുകൾവിട്ട് കേന്ദ്ര സിലബസിലെ സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള പ്രവണത വർധിച്ചതും കുട്ടികളുടെ എണ്ണത്തിൽ വലിയ അന്തരം വരാൻ കാരണമായെന്നാണ് വിലയിരുത്തൽ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ നേരിയ വർധനവോ നിലവിലെ എണ്ണം തുടരുകയോ ചെയ്ത ഏതാനും വർഷങ്ങളുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നുവർഷമായി എണ്ണത്തിൽ വീണ്ടും കുറവുവന്നു.
ബിരുദപ്രവേശനം ഉൾപ്പെടെ മത്സരപരീക്ഷാധിഷ്ഠിതമായത് സമീപകാലത്ത് കേന്ദ്രസിലബസിലുള്ള സ്കൂളുകൾ തെരഞ്ഞെടുക്കാൻ രക്ഷകർത്താക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. കേന്ദ്ര സർവകലാശാലകളിലും പ്രധാന സ്വകാര്യ സർവകലാശാലകളിലും ഉൾപ്പെടെ ബിരുദപ്രവേശനത്തിന് പ്രവേശന പരീക്ഷയായ സി.യു.ഇ.ടി നിലവിൽ വന്നിട്ടുണ്ട്. ഇത്തരം മത്സരപരീക്ഷക്കക്ക് ഉപയോഗിക്കുന്നത് കേന്ദ്രസിലബസിലെ സ്കൂളുകൾ പിന്തുടരുന്ന എൻ.സി.ഇ.ആർ.ടി സിലബസാണ്.
സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ ഹയർസെക്കൻഡറി തലത്തിൽ സയൻസ്, കൊമേഴ്സ് ഉൾപ്പെടെയുള്ള സ്ട്രീമുകളിലും ഹ്യുമാനിറ്റീസിലെ പ്രധാന വിഷയങ്ങളിലും എൻ.സി.ഇ.ആർ.ടി സിലബസ് പുസ്തകങ്ങൾ പിന്തുടരുന്നുണ്ടെങ്കിലും ബോധന, മൂല്യനിർണയ രീതികളിൽ ഉദാരസമീപനമാണെന്ന ആക്ഷേപം നിലനിൽക്കുന്നതും കേന്ദ്രബോർഡുകളിലുള്ള സ്കൂളുകളെ തെരഞ്ഞെടുക്കാൻ കാരണമാകുന്നു.
ഒന്നാം ക്ലാസിൽ ആറു വർഷത്തിനിടെ കുറഞ്ഞത് 93,228 പേർ
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ആറു വർഷത്തിനിടെ കുറഞ്ഞത് 93,228 കുട്ടികൾ. 2021-22 അധ്യയന വർഷത്തിലാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്-344086 പേർ. ഇത് 2026-27 അധ്യയന വർഷത്തിൽ എത്തിയപ്പോൾ 250858 ആയി ഇടിഞ്ഞു. ജനന നിരക്കിലെ കുറവിനപ്പുറം സംസ്ഥാന സിലബസിന് പുറത്ത് കേന്ദ്രസിലബസിലുള്ള (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) സ്കൂളുകളിൽ കുട്ടികളെ ചേർക്കുന്ന പ്രവണത വർധിച്ചതുകൂടിയാണ് ഒന്നാം ക്ലാസിലെ പ്രവേശനക്കുറവിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.