കൊച്ചി: എൽ.ഡി.എഫ് സർക്കാർ 1964ലെ ഭൂപതിവ് ചട്ടപ്രകാരം അഞ്ച് ജില്ലകളിൽ വനഭൂമിക്ക് നൽകിയ പട്ടയങ്ങൾ നിയമക്കുരുക്ക് സൃഷ്ടിക്കുമെന്ന് മുൻ അഡീഷനൽ തഹസിൽദാർ എം.ഐ. രവീന്ദ്രൻ. യഥാർഥത്തിൽ 1993ലെ വനഭൂമി ക്രമീകരിക്കൽ ചട്ടപ്രകാരമാണ് പട്ടയം നൽകേണ്ടത്. എന്നാൽ, വനവിജഞാപനത്തിൽ ഉൾപ്പെട്ട കൈവശ ഭൂമിക്ക് 1964ലെ ഭൂപതിവ് ചട്ടപ്രകാരമാണ് പട്ടയം നൽകിയത്. ഇത് നിയമക്കുരുക്കാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ ഭൂമികളിൽ മരംമുറിക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾക്കും വനനിയമങ്ങൾ തടസ്സമാകും.
പല ജില്ലകളിലും ഭൂരിഭാഗവും 1964ലെ ഭൂപതിവ് ചട്ട പ്രകാരവും 1993ലെ വനഭൂമി ക്രമീകരിക്കൽ ചട്ടപ്രകാരവുമാണ് ഭൂമി പതിച്ചു നൽകുന്നത്. രണ്ടു ചട്ടപ്രകാരവുമുള്ള ഭൂപതിവ് നടപടികൾ നിയമ കുരുക്കിലാണ്. 1964ലെ ചട്ടപ്രകാരമുള്ള പട്ടയ നടപടികൾ 2024 ജനുവരി 10ന് ഹൈകോടതിയും ഏലമലക്കാടുകളിലെ പട്ടയ നടപടി 2024 ഒക്ടോബർ 24ന് സുപ്രീംകോടതിയും ഇടുക്കി ജില്ലയിൽ വിലക്കിയിരുന്നു. 2020 ജൂൺ രണ്ടു മുതലാണ് ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ വനം വകുപ്പിന്റെ ജണ്ടക്ക് പുറത്തുള്ള കൈവശഭൂമിക്ക് 1964ലെ ഭൂപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി-പട്ടികവർഗങ്ങൾ ഉൾപ്പെടെ സ്വകാര്യ വ്യക്തികൾക്ക് ഭൂമി പതിച്ചുനൽകുന്നത്. വില്ലേജ് ഓഫിസുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്ററിൽ (ബി.ടി.ആർ) പട്ടാദാരുടെ പേര് സർക്കാറെന്നും വസ്തുവിന്റെ വിവരം പുറമ്പോക്ക് എന്നും റിമാർക്സ് കോളത്തിൽ ‘റിസർവ് ഫോറസ്റ്റ്’ എന്നുമാണ് രേഖപ്പെടുത്തിയത്. ഇത്തരം ഭൂമികൾ പലതും സംരക്ഷിത വനനിയമത്തിന്റെ വിജ്ഞാപനങ്ങളിൽപ്പെട്ടതാണ്. അതിനാൽ ഭൂമികളിൽ വനഭൂമി സ്റ്റാറ്റസ് നിലനിൽക്കുന്നു.
1977ന് മുമ്പ് ജനവാസ മേഖലയായ ഈ സ്ഥലങ്ങളുടെ റിസർവ് സ്റ്റാറ്റസ് മാറ്റാൻ (ഡി റിസർവ് ചെയ്യാൻ) എൽ.ഡി.എഫ് സർക്കാരിന് സാധിച്ചില്ല. ഈ വിഷയം ശാശ്വതമായി പരിഹരിക്കാൻ പഴയ റിസർവ് വിജ്ഞാപനങ്ങളിൽ ഉൾപ്പെട്ട ഭൂമികളും കൈവശ ഭൂമികളും വനത്തിന്റെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും എങ്കിലേ നിയമ ക്കുരുക്ക് അഴിക്കാൻ സാധിക്കുകയുള്ളൂവെന്നും രവീന്ദ്രൻ പറഞ്ഞു. ഇടുക്കി ഉൾപ്പെടെ ജില്ലകളിലെ ഭൂപ്രശ്നം പഠിച്ച് പരിഹാരമാർഗം സമർപ്പിക്കാൻ പട്ടയ കമീഷനെ സർക്കാർ ഉടൻ നിയോഗിക്കണമെന്നും രവീന്ദ്രൻ ആവശ്യപ്പെട്ടു.
താൻ നൽകിയ പട്ടയങ്ങൾക്ക് നിയമസാധുതയില്ലെന്ന് സമ്മതിച്ച് രവീന്ദ്രൻ
കൊച്ചി: താൻ നൽകിയ 530 പട്ടയങ്ങൾക്ക് നിയമസാധുതയില്ലെന്ന് സമ്മതിച്ച് ദേവികുളം മുൻ ഡെപ്യൂട്ടി തഹസിൽദാർ എം.ഐ. രവീന്ദ്രൻ. പട്ടയത്തിന് സാധുത ഇല്ലാതായത് തന്റെ കുറ്റമല്ലെന്നും തനിക്ക് തഹസിൽദാറുടെ ചുമതല നൽകിയത് ഗസറ്റിൽ പരസ്യം ചെയ്ത് നിയമനത്തിന് പിൻബലമുണ്ടാക്കുന്നതിൽ അന്നത്തെ സർക്കാർ വരുത്തിയ വീഴ്ചമൂലമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഭൂപതിവ് കമ്മിറ്റി അംഗീകരിച്ച പട്ടയങ്ങളല്ലാതെ ഒന്നും നൽകിയിട്ടില്ല. അന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ ഭൂപതിവ് കമ്മിറ്റിയാണ്. ആ കമ്മിറ്റി എം.എൽ.എയും എം.പിയും ഒക്കെ ഉൾപ്പെട്ടതായിരുന്നു. താൻ ടെക്നിക്കൽ ഓഫിസർ മാത്രമായിരുന്നു. എൽ.ഡി.എഫുകാരായിരുന്നു സമിതിയിൽ ഭൂരിഭാഗവും. തന്റെ ഒപ്പിട്ട നിരവധി വ്യാജ പട്ടയങ്ങളും പലരും സംഘടിപ്പിച്ചു. തന്റെ പട്ടയങ്ങൾ ശംഖ് മുദ്ര പതിച്ചവയാണ്. അന്ന് അതായിരുന്നു അവിടത്തെ സീൽ. താൻ മാറിയതിന് പിന്നാലെ ഓഫിസിലെ സീലും പട്ടയത്തിനുള്ള അപേക്ഷ ഫോറങ്ങളും കാണാതായിരുന്നു. അതേക്കുറിച്ച് അന്ന് വിജിലൻസ് അന്വേഷിച്ചിരുന്നു.
വ്യാജ പട്ടയം നൽകിയിട്ടുണ്ടെങ്കിൽ തന്നെ ജയിലിലടക്കണം. അന്ന് നൽകിയ പട്ടയങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. അക്കാലത്ത് തഹസിൽദാർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നത് തടയപ്പെട്ടിരുന്നു. അതിനാലാണ് തനിക്ക് തഹസിൽദാറുടെ ചുമതല നൽകാൻ ഇടയായതെന്നും രവീന്ദ്രൻ പറഞ്ഞു.
1999ൽ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്താണ് ദേവികുളം അഡീഷനൽ തഹസിൽദാർ ആയിരുന്ന എം.ഐ. രവീന്ദ്രൻ പട്ടയങ്ങൾ നൽകുന്നത്. രാഷ്ട്രീയ സമ്മർദങ്ങൾ മൂലമാണ് ഡെപ്യൂട്ടി തഹസിൽദാർ പട്ടയം നൽകാൻ നിർബന്ധിതനായതെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.