പയ്യന്നൂർ (കണ്ണൂർ): പയ്യന്നൂരിനു സമീപം എടാട്ട് ദേശീയപാതയിൽ കാറും സ്വര്‍ണവും കവർന്ന കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് അറസ്റ്റിലായി. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി സനു സന്തോഷാണ് (42) അറസ്റ്റിലായത്. കർണാടക-കേരള അതിര്‍ത്തിയായ ഉപ്പളയില്‍നിന്നാണ് പ്രതിയെ പയ്യന്നൂർ പൊലീസ് അറസ്റ്റുചെയ്തത്.
പ്രതികള്‍ സഞ്ചരിച്ച രണ്ടുവാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ജൂൺ രണ്ടിന് പുലർച്ചയാണ് മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് രഹസ്യഅറയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നത്.
തലശ്ശേരിയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്ധര്‍ നിഗമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരന് സഞ്ചരിച്ച കാര്‍ തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരന്റെ ഭാര്യയുടെ ബാഗിലുണ്ടായിരുന്ന 25 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു. രണ്ടു കാറുകളിലായെത്തിയ സംഘം പരാതിക്കാരൻ സഞ്ചരിച്ച കാറിന് കുറുകെ നിർത്തി കാറിലുണ്ടായിരുന്ന കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു. ഇതുകണ്ട ഡ്രൈവറും ജലന്ധർ നിഗവും ഇറങ്ങിയപ്പോൾ കുട്ടിയെ ഉപേക്ഷിച്ച് കാർ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
ഒരു കി.മീറ്റർ പോയശേഷം കാറിലുണ്ടായിരുന്ന ജലന്ധർ നിഗമിന്റെ ഭാര്യയെയും മറ്റൊരു കുട്ടിയെയും ഉപേക്ഷിച്ച് കാറുമായി കടന്നു. പിലാത്തറ കോഓപറേറ്റിവ് കോളജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കാറിന്റെ ഉൾഭാഗം പൂർണമായി കുത്തിക്കീറിയ നിലയിലും കണ്ടെത്തി. സഹകരണ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. ഉടന്‍ പരിയാരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.