ഒത്തുതീർപ്പുണ്ടായാലും പ്രതിശ്രുത വരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കാനാവില്ല -ഹൈകോടതി
കൊച്ചി: പ്രതിശ്രുത വരനെതിരായ ബലാത്സംഗ കേസ്, ഇരുവരും ഒത്തുതീർപ്പിലെത്തിയാലും റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി. പ്രണയത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥികൾ തമ്മിലെ വിവാഹനിശ്ചയം വീട്ടുകാർ ഇടപെട്ട് നടത്തിയശേഷം, പ്രതിശ്രുത വരൻ തന്‍റെ വീട്ടിലെത്തി ബലംപ്രയോഗിച്ച് ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാണ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വിസമ്മതിച്ചത്.
2023ൽ നടന്ന സംഭവത്തെ തുടർന്ന് പ്രതിശ്രുതവരൻ കൂട്ടുകാർക്കിടയിൽ വെച്ച് അപകീർത്തിപ്പെടുത്തുകയും വിവാഹത്തിൽനിന്ന് പിന്മാറുകയും ചെയ്തതിന് പിന്നാലെയാണ് യുവതി പരാതി നൽകിയത്. പിന്നീട്, തങ്ങൾ വിവാഹിതരാവുകയാണെന്നും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പരാതിയിലെടുത്ത കേസ് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമുള്ള യുവതിയുടെ സത്യവാങ്മൂലം സഹിതമാണ് കേസ് റദ്ദാക്കാൻ പ്രതി ഹരജി നൽകിയത്.
എന്നാൽ, കുറ്റകൃത്യം നടന്നുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൗരവമുള്ള ആരോപണമാണ് ഹരജിക്കാരനെതിരെയുള്ളത്. അവിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവം രണ്ടുപേർ തമ്മിലെ സ്വകാര്യ തർക്കമായി കാണാനാവില്ല. പൊതു സമൂഹത്തിനെതിരായ കുറ്റകൃത്യമാണിത്. ഒത്തുതീർപ്പുകൾ ഇത്തരം കേസുകളിൽ ബാധകമല്ല. അതിനാൽ, കേസ് ഒത്തുതീർപ്പാക്കിയതിന് സാധുതയില്ല.
കേസ് റദ്ദാക്കാനുള്ള കോടതിയുടെ വിവേചനാധികാരം വിനിയോഗിക്കാനുമാവില്ലെന്ന് സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ച് ഹൈകോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സമാന രീതിയിൽ കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹരജി പിൻവലിച്ചതിൽനിന്ന് യുവതിക്ക് നിലപാടില്ലെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി. തുടർന്നാണ് കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.