തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പകര്‍ച്ചവ്യാധിക്കാലത്ത് ഡോ. റീന 15 ദിവസം അവധിയെടുത്തെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനെതിരെ റീന രംഗത്തെത്തിയതാണ് വിവാദം കത്തിക്കുന്നത്.
കാലാവധി തീർന്നതിനാലും സർക്കാറുമായി ആലോചിക്കാതെ ചില നടപടികൾ സ്വീകരിച്ചതുമാണ് സ്ഥലംമാറ്റത്തിന് കാരണമെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വിശദീകരണം. കഴിഞ്ഞദിവസം രാത്രിയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്) സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റി എറണാകുളം റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായി നിയമിച്ച് ഉത്തരവിറങ്ങിയത്. പകരം ആരോഗ്യ അഡീഷനല്‍ ഡയറക്ടര്‍ (കുടുംബക്ഷേമ വിഭാഗം) ഡോ. വി. മീനാക്ഷിക്ക് ഡയറക്ടറുടെ പൂര്‍ണ അധികച്ചുമതല നല്‍കുകയായിരുന്നു.
പകർച്ചവ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി ചോദിച്ചതിൽ മന്ത്രി കെ. മുരളീധരന് അതൃപ്തിയുണ്ടായെന്നാണ് വിവരം. സംസ്ഥാനത്ത് ഷിഗല്ലെ പടരുകയും കോഴിക്കോട്ട് നിപ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ അവധി ചോദിച്ചതാണ് അതൃപ്തിക്ക് കാരണമെന്നാണറിയുന്നത്. ശബരിമല തീർഥാടന കാലത്ത് ഡോക്ടർമാരെ വിട്ടുനൽകാനാകില്ലെന്ന് ദേവസ്വത്തിന് അവർ കത്തെഴുതിയതും മന്ത്രിയെ ചൊടിപ്പിച്ചു. കഴിഞ്ഞ സർക്കാറിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഡോ. റീന. തസ്തികയിൽ മൂന്നുവർഷം തികച്ച അവരെ മാറ്റി, മറ്റൊരാളെ കൊണ്ടുവരുന്നത് സർക്കാറിന്റെ പരിഗണനയിലിരിക്കേയാണ് ഈ സംഭവങ്ങളുണ്ടായത്. പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ്.
മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ -മന്ത്രി
തിരുവനന്തപുരം: തസ്തികയിൽ മൂന്നുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതിനാലും സര്‍ക്കാറിനോട് ആലോചിക്കാതെ ചില കാര്യങ്ങളിൽ നടപടി സ്വീകരിച്ചതിനാലുമാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയതെന്ന് വ്യക്തമാക്കി മന്ത്രി കെ. മുരളീധരന്. ഇത് നടപടിയായി കണ്ടാലും കുഴപ്പമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ചര്‍ച്ചയും നടത്താതെ ശബരിമലയിലേക്ക് ഡോക്ടര്‍മാരെ നല്കാന് കഴിയില്ലെന്ന് ഡി.എച്ച്.എസ് കത്ത് നല്‍കിയത് തെറ്റാണ്. എന്തടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരെ അയക്കില്ലെന്ന് കത്തു നല്‍കിയത്?. അത് സര്‍ക്കാറിന്റെ ചുമതലയല്ലേ?. ഡി.എച്ച്.എസ് അവധിക്ക് അപേക്ഷിച്ചതില്‍ തെറ്റില്ല. പക്ഷെ, സര്‍ക്കാർ സംവിധാനത്തോട് സഹകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും-മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.