അഡ്വ. നജ്മ തബ്ഷീറ (ഇടത്ത്) പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
കോഴിക്കോട്: പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയക്കെതിരെ എൽ.ഡി.ഫ് പ്രചാരണ വാഹനത്തിൽനിന്ന് നടത്തിയ വർഗീയ അനൗൺസ്മെന്റിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. നജ്മ തബ്ഷീറ. “നമ്മുടെ വോട്ടുകൾ നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്ന് പറഞ്ഞ് മത ഏകീകരണത്തിന്റെ ചിന്നം വിളിയാണ് മുസ്ലിം ലീഗ് നടത്തുന്നത്” എന്നായിരുന്നു എൽ.ഡി.എഫ് ആരോപണം.
ഫാത്തിമ തഹ്‍ലിയയുടെ അഡ്രസ് ‘ഖൗം’ അല്ല എന്നും പ്രവർത്തന പാരമ്പര്യവും കരുത്തും ധീരതയുമാണെന്നുമായിരുന്നു നജ്മ തബ്ഷീറയുടെ പ്രതികരണം. ‘പേരാമ്പ്ര മാറിക്കഴിഞ്ഞെന്നേ...!’ എന്നും അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. എം.എസ്.എഫിന്റെ വിദ്യാർഥിനി വിഭാഗമായ ‘ഹരിത’യിൽ സഹപ്രവർത്തകരായിരുന്നു ഇരുവരും.
പേരാമ്പ്രയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ തഹ്‍ലിയയെ പരിചയപ്പെടുത്തി താൻ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയും നജ്മ തബ്ഷീറ ഫേസ്ബുക്കിൽ പങ്കുവെച്ചു. ‘ഞങ്ങൾ അഭിമാനത്തോടെ പറയും, അവൾ ഒരു പെൺകുട്ടി തന്നെയാണ്. പക്ഷേ നിങ്ങൾ പറയുന്നത് പോലെ ചെറുതാക്കുന്ന പെണ്ണല്ല കേട്ടോ, ഉശിരുള്ള പെൺകുട്ടിയാണ് അവൾ. അവളുടെ അക്കാദമിക് ക്വാളിഫിക്കേഷൻ നിങ്ങൾ നോക്കുക. കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ നിന്ന് എൽ.എൽ.ബി പഠിച്ച്, തൃശ്ശൂരിലെ ഗവൺമെന്റ് ലോ കോളജിൽ പോയി എൽ.എൽ.എം പഠിച്ച്, കോഴിക്കോട് ബാറിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു വരുന്ന ഒരു പെൺകുട്ടിയാണ് ഈ ഫാത്തിമ തഹലിയ. കേരളത്തിലുടനീളം കഴിഞ്ഞകുറേ വർഷങ്ങളായി ഞങ്ങൾ അടക്കം ഒരുപാടുപേരെ കൈപിടിച്ച് ഉയർത്തിയ, രാഷ്ട്രീയത്തിലേക്കും പൊതുപ്രവർത്തനത്തിലേക്കും സേവനത്തിലേക്കും വരൂ നമുക്കൊരുമിച്ചിറങ്ങാം എന്ന് പറഞ്ഞുകൊണ്ട് കൈപിടിച്ച് തെരുവിലേക്കിറങ്ങിയ, സമരവീര്യങ്ങളിലേക്ക് ഇറങ്ങിയ ഒരു പെൺകുട്ടിയുടെ പേരാണ് ഫാത്തിമ തഹ്‍ലിയ എന്നത്.
അഡ്വ. നജ്മ തബ്ഷീറ (ഇടത്ത്) പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയ
അവൾ വെറുതെ ഇരുന്നുകൊണ്ട് നിങ്ങളോട് കൈവീശി കാണിച്ച് പുഞ്ചിരിച്ച് ഇവിടെ നിന്ന് ഇറങ്ങി പോകാൻ വന്നവളല്ല. ഈ മണ്ണിനെ സ്നേഹിച്ചാണ് അവൾ സ്വന്തമാക്കിയത്. അതിനും അപ്പുറത്തേക്ക് സമരം ചെയ്ത് അനീതിക്കെതിരെ ഉച്ചൈസ്തരം നിലപാടുകൾ പ്രഖ്യാപിച്ച്, 14 ദിവസം റിമാൻഡിലായി ജയിലിൽ കിടന്ന് പുറത്തിറങ്ങിയ ഒരു സമരനായിക കൂടിയാണ് ഈ പറയുന്ന ഫാത്തിമ തഹ്‍ലിയ. ജയിൽ എന്നത് അഭിമാനത്തോടെ പറയാനുള്ള സാധനമൊന്നുമല്ല. ഉമ്മാന്റെ പുരയൊന്നുമല്ലല്ലോ പോയി കിടക്കാൻ. ഭയങ്കര രസമുള്ള സ്ഥലമൊന്നുമല്ലോ. എന്നിട്ടും അവൾ ആ ജയിലിൽ കിടന്നിട്ടുണ്ടെങ്കിൽ, അത് ഈ നാട്ടിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ്, യുവജനങ്ങൾക്ക് വേണ്ടിയാണ്. മലബാറിൽ ഇവിടുത്തെ കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കി കൊടുക്കണം എന്ന് പറഞ്ഞുകൊണ്ടാണ്, ഇവിടുത്തെ യുവജനങ്ങൾക്ക് തൊഴിലില്ലായ്മയിൽ നിന്ന് മോചനം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്.
ആ സമരങ്ങളുടെ നായികയായാണ് ഫാത്തിമ തഹ്‍ലിയ ഈ പേരാമ്പ്രയുടെ മണ്ണിൽ എത്തുന്നത്. അത് നിങ്ങൾ പുച്ഛിച്ചു തള്ളിയതുപോലെ, നിങ്ങൾ ഇപ്പോഴും ചെറുതാക്കാൻ ശ്രമിക്കുന്നത് പോലെ ഒരാളല്ല. നിങ്ങളുടെ എല്ലാവരുടെയും ആഗ്രഹങ്ങൾക്കപ്പുറത്ത്, നിങ്ങൾക്ക് എല്ലാവർക്കും ഊഹിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്കുള്ള ക്വാളിഫിക്കേഷനുമായിട്ടാണ്, ക്വാളിറ്റിയുമായിട്ടാണ് അവർ പേരാമ്പ്രയുടെ മണ്ണിലേക്ക് വരുന്നത്. ഇപ്പോൾ കോഴിക്കോട് ജില്ലയുടെ നഗരമധ്യത്തിൽ കോഴിക്കോട് കോർപറേഷനിൽ ഒരു കൗൺസിലർ കൂടിയാണ് ഫാത്തിമ തഹ്‍ലിയ. വളരെ സ്നേഹത്തോടുകൂടി കുറ്റച്ചിറയിലെ കുറച്ചു മനുഷ്യന്മാര് തഹ്‍ലിയയെ യാത്രയാക്കുന്ന ഒരു വിഡിയോ ഞങ്ങൾ കണ്ടിട്ടുണ്ടായിരുന്നു’ -നജ്മ തബ്ഷീറ പറഞ്ഞു.
പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽ നിന്ന് നടത്തിയ അനൗൺസ്‌മെന്റിൽ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയക്കെതിരെ വിവാദ പരാമർശം നടത്തിയത്. ‘മുസ്‍ലിം ലീഗ് നടത്തുന്ന സ്വകാര്യ പ്രചാരണം നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്റെ ചിന്നം വിളിയാണ് മുസ്ലിം ലീഗ് നടത്തുന്നത്. മത വർഗീയതയുടെ തന്ത്രമാണ് പേരാമ്പ്രയുടെ തെരഞ്ഞെടുപ്പ് ഗോദയിൽ അവർ നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ മുസ്‍ലിം ലീഗിന്‍റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപിക്കേണ്ടതുണ്ട്. നമ്മൾ മനുഷ്യർ ജാതിക്കും മതത്തിനും അപ്പുറത്താണ്. മതസഹോദര്യത്തെ ഊട്ടി വളർത്തേണ്ടവരാണ്. എൽ.ഡി.എഫ് മതരാഷ്ട്രീയത്തിന്‍റെ പക്ഷത്തല്ല, മനുഷ്യപക്ഷത്താണ്. പേരാമ്പ്രയുടെ മണ്ണ് മനുഷ്യപക്ഷത്താണ് എന്ന് തെളിയിക്കാൻ നിങ്ങളുടെ വോട്ടുകൾ ഇടതുപക്ഷത്തിന് രേഖപ്പെടുത്തുക’ -എന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ബോർഡ് വെച്ച വാഹനത്തിൽനിന്ന് അനൗൺസ് ചെയ്യുന്നത്.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവിധ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. വിഷയത്തിൽ എൽ.ഡി.എഫ് സ്വീകരിച്ച നിലപാട് രാഷ്ട്രീയ പാപ്പരത്വത്തിന്റെ ഉദാഹരണമാണെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.യു ജനറൽ സെക്രട്ടറി അർജുൻ കട്ടയാട്ട് ഡി.ജി.പിക്ക് പരാതി നൽകി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരായ 'കാഫിർ സ്ക്രീൻ ഷോട്ട്' പ്രചാരണവും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വർഗീയത പരസ്യമായി വിളിച്ചുപറഞ്ഞാണ് ഇടതുപക്ഷം വോട്ടുപിടിക്കുന്നതെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മതപരമായ വികാരങ്ങൾ ഉണർത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും സമൂഹത്തിലെ വിവിധ വൃത്തങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് മണ്ഡലത്തിൽ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്ന് യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണനാണ് പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. മുസ്‍ലിം ലീഗ് ഫാത്തിമ തഹ്‍ലിയയെ യു.ഡി.എഫ് രംഗത്തിറക്കിയതോടെ മത്സരം പ്രവചനാതീതമായ തലത്തിലേക്കുയർന്നിരിക്കുകയാണ്. കഴിഞ്ഞ 49 വർഷക്കാലം ഇടതുമുന്നണി ജനപ്രതിനിധികളെ മാത്രം തെരഞ്ഞെടുത്ത പേരാമ്പ്ര ഇക്കുറി ഒരു പ്രവചനങ്ങൾക്കും പിടികൊടുക്കുന്ന മട്ടില്ല. 15 വർഷം ടി.പി. രാമകൃഷ്ണനായിരുന്നു പേരാമ്പ്രയുടെ ജനപ്രതിനിധി. 2001 ൽ കന്നിയങ്കത്തിനിറങ്ങിയ ടി.പി 2,684 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പിന്നീട് 2016 വീണ്ടും അങ്കത്തിനിറങ്ങിയപ്പോൾ ഭൂരിപക്ഷം 4101 ആയി ഉയർന്നു. 2021 ൽ 22592 വോട്ടിന്‍റെ വമ്പൻ ഭൂരിപക്ഷം നൽകിയാണ് രാമകൃഷ്ണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
പേരാമ്പ്ര നിലനിർത്താൻ പ്രായപരിധിയിൽ ഇളവ് നൽകിയാണ് പാർട്ടി വീണ്ടും ടി.പി. രാമകൃഷ്ണനെ രംഗത്തിറക്കിയിരിക്കുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ പേരാമ്പ്ര മണ്ഡലത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടാകുമായിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിടെ ഒരിക്കലും പാർട്ടി പിന്നിൽ പോയിരുന്നില്ല. എന്നാൽ, ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സമവാക്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പത്തിൽ ആറ് ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണത്തിൽ വന്നു. നേരത്തെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഭരണം മാത്രം ഉണ്ടായിരുന്ന യു.ഡി.എഫ് പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, തുറയൂർ പഞ്ചായത്തുകളാണ് എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുത്തത്. ബി.ജെ.പിയുടെ കോഴിക്കോട് മേഖല സെക്രട്ടറിയാണ് എൻ.ഡി.എ സ്ഥാനാർഥി എം. മോഹനൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.