മകൻ ലുലുവിൽ ജോലി നോക്കുന്നു, കേരളത്തിൽ സർക്കാർ ജോലിയിൽ കുത്തിക്കേറ്റിയില്ലല്ലോ -ജി. സുധാകരൻ

കോഴിക്കോട്: തന്റെ മകൻ നവനീത് സ്വന്തം പ്രയത്‌നം കൊണ്ടാണ് ലുലു ഗ്രൂപ്പിൽ ജോലി നേടിയതെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ലുലു ഗ്രൂപ്പിൽ ബിസിനസ് ജനറൽ മാനേജരാണ് സുധാകരന്റെ മകൻ. കേരളത്തിൽ കേൾക്കുന്നതുപോലെ സർക്കാർ ജോലിയിൽ കുത്തിക്കേറ്റിയില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയ​ന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയുടെ അടക്കം നിയമനങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് ജി. സുധാകരന്റെ പരാമർശം. ഒരു പ്രസിദ്ധീകരണത്തി​ന്റെ വാർഷികപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുന്നത്.

തന്റെ വിലാസം ഒരു കാര്യത്തിലും മകൻ ഉപയോഗിക്കാറില്ലെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ''എം.ബി.എ പാസായി ഒന്നുരണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്തു. അപ്പോഴാണ് ലുലു ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഓൺലൈനായി അപേക്ഷിക്കുന്നത്. യൂസുഫലി സാഹിബ് നേരിട്ടാണ് ഇന്റർവ്യൂ ചെയ്തത്. എന്റെ മകനാണെന്ന് അറിയില്ലായിരുന്നു. ഇഷ്ടപ്പെട്ടു കമ്പനിയിലേക്ക് എടുത്തു. നല്ല പോസ്റ്റ് കൊടുത്തു. പ്രമോഷൻ കൊടുത്തു. ആ സ്ഥാപനത്തിൽ നന്നായി ജോലി ചെയ്ത്, അവൻ അവിടെത്തന്നെ തുടരുകയാണ്. പല കമ്പനികളും വിളിച്ചിട്ടു പോയില്ല''-സുധാകരൻ പറഞ്ഞു.

എത്രയോ മലയാളികൾ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. അവരൊക്കെ ജോലിക്കാരാണ്, മുതലാളിമാരല്ല. എം.ബി.എ പാസായവന് കമ്പനികളിലല്ലാതെ പിന്നെന്തു ജോലി കിട്ടാനാണ്? തന്റെ മകനാണ് എന്നറിഞ്ഞ് എടുത്തതല്ല. ഓൺലൈൻ ഇന്റർവ്യൂ നടത്തി അതിന്റെ അടിസ്ഥാനത്തിൽ എടുത്തതാണ്. കേരളത്തിൽ സർക്കാർ ജോലിയിൽ കുത്തിക്കേറ്റിയെന്നാണല്ലോ പൊതുവെ ഉയരുന്ന ആരോപണം, അത് ചെയ്തില്ലല്ലോ എന്നും സുധാകരൻ പറഞ്ഞു.

ഗദ്യ കവിതകളെക്കുറിച്ച് പലർക്കും ഭിന്നാഭിപ്രായമുണ്ടെന്നായിരുന്നു കവിതയെഴുത്തിലെ പുതിയ ഭാവുകത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് സുധാകരന്റെ മറുപടി. പുതിയ കവിതയെന്ന് സ്വയം അവകാശപ്പെട്ടുവരുന്ന പലതും കവിതയല്ലെന്ന വിലയിരുത്തലുണ്ട്. കവിതയെഴുതരുതെന്ന് ഒരാളോട് പറയുന്നത് ഫാഷിസമാണ്. വായിക്കാത്തവർക്കും മനസ്സിലാക്കാത്തവർക്കും എന്തും പറയാം.

നമുക്കാർക്കും എഴുതാൻ സ്വാതന്ത്ര്യമുണ്ട്. 17 കവിതാ സമാഹാരങ്ങളും 350ൽ പരം കവിതകളും തന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെരുമ്പടവവും പി. വത്സലയും ശ്രീകുമാരൻ തമ്പിയും സി. രാധാകൃഷ്ണനും പോലുള്ള എഴുത്തുകാരും മോഹൻലാലും ജയറാമും മീരാജാസ്മിനും പോലുള്ള അഭിനേതാക്കളും എം.എ ബേബിയും പന്ന്യനും പ്രൊഫ. സി. രവീന്ദ്രനാഥും തുടങ്ങിയ രാഷ്ട്രീയ നേതാക്കളും തന്റെ കവിതക്ക് അവതാരിക എഴുതിയിട്ടുണ്ട്. മുപ്പതിനായിരത്തിലധികം കോപ്പികൾ 17 വർഷത്തിനുള്ളിൽ വിറ്റുപോയിട്ടുണ്ട്. മറ്റു കവിതകളിലില്ലാത്തത് എന്റെ കവിതയിലുണ്ടോ എന്നു കണ്ടെത്താൻ ആരെങ്കിലും ശ്രമിക്കട്ടെ എന്നും സുധാകരൻ പറഞ്ഞു.

ആത്മകഥ എഴുതുന്നതിനെക്കുറിച്ച് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. എഴുതണമെന്ന് പലരും പറയുന്നുണ്ട്. കാര്യങ്ങൾ പറഞ്ഞാൽ എഴുതിക്കോളാമെന്ന് പറഞ്ഞവരുമുണ്ട്. പാർട്ടിയെക്കുറിച്ചും അല്ലാതെയും പലതും പറയാനുണ്ട്. പക്ഷെ ആവശ്യമില്ലാത്തതൊന്നും പറയില്ല. പാർട്ടിയിൽ നിൽക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ഇഷ്ടമില്ലാത്തതുണ്ട്. എല്ലാവർക്കും ഉണ്ടാവും. ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് തന്നോട് ചെയ്ത എത്രയോ പേരുണ്ട്. മാപ്പുകൊടുക്കാൻ പാടില്ലാത്തത്ര കുറ്റകൃത്യങ്ങൾ ചെയ്തവരുണ്ട്. അതൊന്നും ഒരിക്കലും വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - My son is looking for a job in Lulu - G. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.