യു.എൻ.എ മുൻ ദേശീയ പ്രസിഡന്‍റ് നേതാവ് ജാസ്മിൻ ഷാ

‘എന്റെ മാസശമ്പളം 2 ലക്ഷം, ഇ.ഡി അറ്റാച്ച് ചെയ്ത സ്വത്ത് ഇവയാണ്...’ -വിശദീകരണവുമായി നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻഷാ

കൊച്ചി: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍റെ (യു.എൻ.എ) ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്റെ ഭാഗം വിശദീകരിച്ച് യു.എൻ.എ മുൻ ദേശീയ പ്രസിഡന്‍റ് നേതാവ് ജാസ്മിൻ ഷാ. ഇദ്ദേഹത്തിന്റെയും ഭാര്യ എം.എ. ഷബ്ന, ഷോബി ജോസഫ്, ബിബിൻ എൻ. പോൾ എന്നിവരുടെയും 1.44 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയിരുന്നു.

കേസ് റദ്ദാക്കാനുള്ള നടപടി സി.ജെ.എം കോടതിയിൽ പുരോഗമിക്കുന്നതിനിടെ ഇ.ഡി നടപടി അപ്രതീക്ഷിതമായിരുന്നു. കൃത്യമായ ബാങ്ക് ലോണുകളും സോഴ്സും ഉള്ളതിനാൽ ഈ വിഷയത്തിൽ തനിക്കും സഹപ്രവർത്തകർക്കും ഒരു ഭയാശങ്കയും ഇല്ലെന്ന് ജാസ്മിൻ ഷാ വ്യക്തമാക്കി.

ഇ.ഡി അറ്റാച്ച് ചെയ്ത സ്വത്തുവകകളുടെ പൂർണ വിവരം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. ഇവ താമസസ്ഥലങ്ങൾ ആയതിനാലും വിൽക്കാൻ ഉദ്ദേശമുള്ള സ്ഥലങ്ങൾ അല്ലാത്തതിനാലും മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല. നിയമപരമായി ആറുമാസം പോരാടേണ്ടി വരുമെന്ന് മാത്രം. 2020 മുതൽ രണ്ടുലക്ഷം രൂപ മാസശമ്പളമായി തനിക്ക് ലഭിക്കുന്നുണ്ട്. ടി.ഡി.എസും ഇൻകം ടാക്സ് റിട്ടേണും യഥാസമയം ഫയൽ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

മാർച്ച് ഒമ്പതിനാണ് സ്വത്ത് കണ്ടുകെട്ടുന്നത് സംബന്ധിച്ച ഉത്തരവ് ഇ.ഡി കൊച്ചി യൂനിറ്റ് പുറപ്പെടുവിച്ചത്. അഞ്ച് സ്ഥാവരസ്വത്തുക്കൾ, നാല് സ്ഥിര നിക്ഷേപങ്ങൾ/ജംഗമ വസ്തുക്കൾ എന്നിവയാണ് കണ്ടുകെട്ടിയ 1.44 കോടിയിൽ ഉൾപ്പെടുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലെ ഭൂമി/ ഫ്ലാറ്റ്, സ്ഥിരനിക്ഷേപങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇ.ഡി വാർത്തകുറിപ്പിൽ അറിയിച്ചു.

തൃശൂരിലെ ക്രൈംബ്രാഞ്ച് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറിന്‍റെയും കുറ്റപത്രത്തിന്‍റെയും അടിസ്ഥാനത്തിൽ ജാസ്മിൻ ഷായും ഭാര്യ ഷബ്നയും കൂടാതെ, യു.എൻ.എ ഭാരവാഹികളായ ഷോബി ജോസഫ്, നിദിൻ മോഹൻ, പി.ഡി. ജിത്തു, എ.കെ. സുജനപാൽ, ബിബിൻ എൻ. പോൾ, എം.പി. സുദീപ് എന്നിവരും പ്രതികളാണ്.

ജാസ്മിൻഷായുടെ കുറിപ്പിന്റെ പൂർണരൂപം:

ഇതാണ് ED അറ്റാച്ച് ചെയ്തിരിക്കുന്ന വിശദാംശങ്ങൾ, നിങ്ങളുമായി പങ്കുവെക്കുന്നു...

2022 ൽ ഞാൻ വാങ്ങിയ എൻ്റെ പേരിലുള്ള വീട്. 63 ലക്ഷം രൂപയാണ് ED അതിൽ കാണിച്ചിട്ടുളള വില.

2024 എൻ്റെ ഭാര്യയായ ഷബ്നയുടെ പേരിലുളള പുരയിടം. 18 ലക്ഷം രൂപയാണ് ED അതിൻ്റെ വിലയായി കാണിച്ചിട്ടുള്ളത്.

എൻ്റെ പേരിലുളള 2ഫിക്സഡ് ഡെപ്പോസിറ്റുകൾ, ഭാര്യയുടെ പേരിൽ അവളുടെ സമ്പാദ്യമായി NRE അക്കൗണ്ടിൽ ഉള്ള രണ്ട് ഫിക്സഡ് ഡെപ്പോസിറ്റുകൾ.

2018, 2023 ൽ ബിബിൻ എൻ പോളിൻ്റെ പേരിലുളള രണ്ട് വസ്തുവകകളും, 2019 ൽ ഷോബി ജോസഫിൻ്റെ പേരിലുള്ള ഒരു വസ്തുവകയും. എല്ലാവരും താമസിക്കുന്ന വീട് ഉൾക്കൊള്ളുന്ന സ്ഥലങ്ങൾ.

ഇതെല്ലാം കൂടി ആകെ തുകയായി കാണിച്ചിട്ടുള്ളത് 1,44,25,239 രൂപയാണ്.

ക്രൈംബ്രാഞ്ച് 2019 ൽ എടുത്ത കേസിന്റെ അടിസ്ഥാനത്തിൽ ഉന്നത സമ്മർദ്ദങ്ങളുടെ ഭാഗമായി എടുത്ത നടപടിയാകാം ഇതെന്നാണ് അഭിഭാഷകർ പറയുന്നത്. ഈ ഉത്തരവ് റദ്ദാക്കാനുളള നടപടികൾ തുടങ്ങിയിട്ടുണ്ട്. 2017-2019ലെ കേസിന് ഇപ്പോഴത്തെ വസ്തുവകകൾ എന്തിനാണ് അറ്റാച്ച് ചെയ്യപ്പെട്ടിരിക്കുന്നത്, ബാങ്ക് അക്കൗണ്ടുകൾ ഫ്രോസൻ ചെയ്യപ്പെട്ടിരിക്കുന്നത് എന്നുള്ളതും, ക്രൈംബ്രാഞ്ച് കേസിൽ സാമ്പത്തിക ക്രമക്കേട് കേസിൽ എടുത്ത വകുപ്പ് കോടതി എടുത്ത് കളയുകയും, ഗൂഢാലോചന അടക്കമുളള മറ്റു വകുപ്പുകൾ എടുത്ത് കളഞ്ഞ് കേസ് റദ്ദാക്കാനുള്ള നടപടി CJM കോടതിയിൽ പുരോഗമിക്കുകയാണ്. 18-04.2026 നാണ് കേസ് ഇനി പരിഗണിക്കുന്നത്. അതിനിടയിൽ പൊടുന്നനെയുള്ള ED നടപടി അപ്രതീക്ഷിതമായിരുന്നു.


താമസസ്ഥലങ്ങൾ ആയത് കൊണ്ട് വിൽക്കാൻ ഉദ്ദേശമുളള സ്ഥലങ്ങൾ അല്ലാത്തതിനാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നറിയുന്നു.

ഞാനും എന്റെ സഹപ്രവർത്തകരുമെല്ലാം കൃത്യമായി ബാങ്ക് ലോണുകളും, കൃത്യമായ സോഴ്സും ഉള്ളതിനാൽ ഒരു ഭയാശങ്കയും ഈ വിഷയത്തിൽ ഞങ്ങൾക്കില്ല. നിയമപരമായി ഒരു ആറുമാസം പോരാടേണ്ടി വരുമെന്ന് മാത്രം.

എന്റെ വരുമാനത്തെ കുറിച്ച് ചോദിച്ച് ആശങ്കപ്പെടുന്നവരോട്: രണ്ടുലക്ഷം രൂപ മാസ ശമ്പളം 2020 മുതൽ ശമ്പളമായി എനിക്ക് ലഭിക്കുന്നുണ്ട്. ജനതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ, അക്കാദമി വിഭാഗത്തിൽ സി.ഇ.ഒ ആയി ജോലി ചെയ്യുന്നു. ടി.ഡി.എസും ഇൻകം ടാക്സ് റിട്ടേണും യഥാ സമയം ഫയൽ ചെയ്യുന്നുണ്ട്. അതിനാൽ വിമർശകർ ഭയപ്പെടേണ്ടതില്ല.

വാർത്തകളിൽ കോടികളുടേത് വരുന്നുണ്ടല്ലോ എന്ന് ചോദിക്കുന്നവരോട്, അത് കേൾക്കാൻ എനിക്കിഷ്ടമുള്ള കാര്യമാണ് എന്നതും, വാർത്തയിൽ നിറഞ്ഞു നിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്നുമാണ് എനിക്ക് ചോദിക്കാനുള്ളത്.

സമരം നടക്കുന്ന എല്ലാ വേളകളിലും ഇത്തരം വാർത്തകർ എന്നെ സെലിബ്രേറ്റി ആക്കാറുണ്ട്. അത് കൊണ്ടൊന്നും തളരുന്ന, പുറകോട്ട് പോകുന്നയാളല്ല എന്ന് എന്നെ അറിയാവുന്നവർക്കറിയാം. 15 വർഷത്തെ എന്റെ സംഘടനാ പ്രവർത്തന കാലഘട്ടത്തിൽ ഇത്തരം ആരോപണങ്ങൾ എന്നെ ഏറെ കരുത്തനാക്കിയിട്ടുണ്ട്. ചിലപ്പോൾ ഈ സമരം മൂലം എന്റെ ഉള്ള വരുമാനം കൂടി നിലച്ചേക്കാം. പക്ഷേ ഒരടി പിന്നോട്ട് ഉണ്ടാകില്ല എന്ന് മാത്രം ഓർമിപ്പിക്കുന്നു.

NB :ഇനി ഈ വിശദാംശങ്ങൾ പലരുടെയും കണ്ടെത്തലുകൾ എന്ന് പറഞ്ഞു പറക്കട്ടെ. ഒരു അപേക്ഷ പലരും എന്റെ പഴയ ഫോട്ടോകളാണ് ഉപയോഗിക്കുന്നത്, പുതിയത് ഉപയോഗിക്കുക.

സ്നേഹപൂർവ്വം

Jasminsha Manthadathil

Jasmin Sha

Tags:    
News Summary - ‘My monthly salary is 2 lakhs, these are the assets attached by ED...’ - United Nurses Association leader JasminSha explains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.