തിരുവനന്തപുരം: വിജിലൻസ് കോടതിവിധിക്കെതിരെ എം. ആർ അജിത് കുമാർ. കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ അജിത്കുമാർ ഹൈകോടതിയിൽ അപ്പീൽ സമർപ്പിക്കും. അജിത്കുമാറിന് നേരെയുള്ള അഴിമതിക്കേസിൽ ക്ലീൻചീറ്റ് റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവ് വന്നിരുന്നു. കോടതി ഉത്തരവ് വസ്തുതകൾ ശരിയായി വിലയിരുത്താതെയാണെന്നാണ് വാദം.
സ്വയം അന്വേഷണം നടത്താനുള്ള കാരണങ്ങൾ വസ്തുതാപരമല്ലെന്നും കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന വാദം നിൽനിൽക്കില്ലെന്നുമാണ് അജിത്കുമാറിന്‍റെ വാദം. അന്വേഷണ ഉദ്യോഗസ്ഥന് അതിന് പ്രാപ്തനാണോ എന്നതാണ് പ്രധാനമെന്നും അതാണ് പരിഗണിക്കേണ്ടതെന്നും ക്രിമിനൽ ചട്ടപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥനായാൽ മതിയെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടുന്നു. നാളെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തേണ്ടി വന്നാൽ എന്തു ചെയ്യുമെന്നുമെന്നും അജിത്കുമാർ ചൂണ്ടിക്കാട്ടി.
എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. കുറ്റകൃത്യം നടന്നുവന്ന സാധ്യത തള്ളാനാവില്ലെന്നും എം.ആർ അജിത് കുമാർ തെറ്റ് ചെയ്തുവെന്ന സാധ്യത കളയാനാവില്ലെന്നുമാണ് കോടതി പറഞ്ഞത്. സത്യം കണ്ടെത്തുന്നതിനപ്പുറം അജിത് കുമാറിനെ സംരക്ഷിക്കാനായിരുന്നു വിജിലൻസ് ശ്രമം. അജിത് കുമാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സത്യം വെളിപ്പെടുത്തുന്നതിനുള്ള വസ്തുതകൾ അന്വേഷണ റിപ്പോർട്ടിൽ ശേഖരിക്കപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമം നടന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.
എന്നാൽ ഈ വാദം നിലനിൽക്കില്ലെന്നും അജിത്കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല നിരവധി സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പിടിച്ചെടുത്ത രേഖകളെല്ലാം കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അജിത് കുമാർ ബരജിയിൽ ചൂണ്ടി കാണിക്കുന്നു. സബ് രജിസട്രാര്‍, ടൗണ്‍പ്ലാനര്‍, വസ്തു ഉടമകള്‍ എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പരാതിക്കാരനും ലഭ്യമായ രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും പത്രക്കട്ടിംഗുകളും കെട്ടിട പ്ലാനും അല്ലാതെ പരാതിക്കാരന്‍റെ കൈയ്യിൽ തെളിവില്ലെന്നുമാണ് വാദം. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.